ഓസ്ട്രേലിയന്‍ പര്യടനത്തിന് മുന്നോടിയായി പാകിസ്ഥാന്‍ പുതിയ ബൗളിംഗ് പരിശീലകരെ നിയമിച്ചു. മുന്‍ താരങ്ങളായ ഉമര്‍ ഗുല്‍, സയീദ് അജ്മല്‍ എന്നിവരെയാണ് ഫാസ്റ്റ്, സ്പിന്‍ ബൗളിംഗ് പരിശീലകരായി നിയമിച്ചത്. 2009 ടി20 ലോകകപ്പും 2012ലെ ഏഷ്യാ കപ്പും നേടിയ ടീമിലെ പ്രധാന അംഗങ്ങളായിരുന്നു ഇരുവരും.
മുമ്പ് അഫ്ഗാനിസ്ഥാനും ന്യൂസിലന്‍ഡിനുമെതിരായ ടി20 ഐ പരമ്പരകളില്‍ ദേശീയ ടീമിന്റെ ബൗളിംഗ് പരിശീലകനായി ഉമര്‍ ഗുല്‍ സേവനമനുഷ്ഠിച്ചിരുന്നു. കഴിഞ്ഞ എച്ച്ബിഎല്‍ പിഎസ്എല്‍ സീസണില്‍ ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സിന്റെ ബൗളിംഗ് പരിശീലകനായും 2022ലെ ഐസിസി പുരുഷ ടി20 ക്രിക്കറ്റ് ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്റെ ബൗളിംഗ് പരിശീലകനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.പരിചയസമ്പന്നനായ 41-കാരന്‍ താരം, എല്ലാ ഫോര്‍മാറ്റുകളിലുമായി 237 മത്സരങ്ങളില്‍ പാകിസ്ഥാനെ പ്രതിനിധീകരിച്ചു. മുന്‍ ലോക ഒന്നാം നമ്പര്‍ ഏകദിന ബൗളറാറാണ് സയീദ് അജ്മല്‍. 2008-ല്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച അജ്മല്‍, എല്ലാ ഫോര്‍മാറ്റുകളിലും പാക്കിസ്ഥാനെ പ്രതിനിധീകരിച്ച് 450-ന് അടുത്ത് അന്താരാഷ്ട്ര വിക്കറ്റുകള്‍ വീഴ്ത്തി മികച്ച റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു.
പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളിംഗ് പരിശീലകന്‍ മോര്‍ണി മോര്‍ക്കല്‍ രാജിവെച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. ആറ് മാസത്തെ കരാറില്‍ മോര്‍ക്കലിന് ഒരു മാസം കൂടി ബാക്കിയുണ്ട്. 2023 ഡിസംബര്‍ 14 മുതല്‍ 2024 ജനുവരി 7 വരെ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയും, 2024 ജനുവരി 12 മുതല്‍ 21 വരെ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയുമാകും ഇവരുടെ ആദ്യ ദൗത്യങ്ങള്‍.