ഇസ്ലാമാബാദ്: ഇന്ത്യയില്‍ നടക്കുന്ന ഹോക്കി ലോകകപ്പില്‍ പങ്കെടുക്കാന്‍ പാകിസ്ഥാനെത്തും. ഈ വര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളിലായാണ് ലോകകപ്പ്. ഭുവനേശ്വറിലും ഒഡീഷയിലുമായാണ് മത്സരങ്ങള്‍ നടക്കുക. ലോകകപ്പിന് യോഗ്യത നേടുന്ന പതിമൂന്നാമത്തെ ടീമാണ് പാകിസ്ഥാന്‍.
ഹോക്കി ലോകകപ്പില്‍ മികച്ച റെക്കോര്‍ഡുള്ള പാകിസ്ഥാന്‍ ഇന്ത്യയില്‍ എത്തുമെന്ന് ഉറപ്പായതോടെ അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള പോരാട്ടത്തിന് കാത്തിരിക്കുകയാണ് ആരാധകര്‍. ഹോക്കി ലോകകപ്പ് ഏറ്റവും കൂടുതല്‍ തവണ നേടിയ ടീമാണ് പാകിസ്ഥാന്‍. 1971, 1978, 1982, 1994 എന്നീ വര്‍ഷങ്ങളിലായിരുന്നു പാകിസ്ഥാന്റെ കിരീടധാരണം. മൂന്ന് തവണ ലോകകപ്പ് നേടിയ ഹോളണ്ടും ആസ്‌ട്രേലിയയുമാണ് രണ്ടാം സ്ഥാനത്ത്.
ഒരുതവണ മാത്രമാണ് ലോകകപ്പ് നേടാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടുള്ളൂ. 1975ല്‍ ആയിരുന്നു ഇന്ത്യയുടെ കിരീടനേട്ടം. ഫൈനലില്‍ പാകിസ്ഥാനെ 2-1ന് തോല്പിച്ചാണ് അജിത് പാല്‍ നായകനായിരുന്ന ഇന്ത്യന്‍ ഹോക്കി സംഘം ഈ കിരീടം നേടിയത്. പിന്നീട് ഇതുവരെ ഫൈനലില്‍ എത്താന്‍ പോലും ഇന്ത്യന്‍ ടീമിന് സാധിച്ചിട്ടില്ല. എന്നാല്‍ സ്വന്തം നാട്ടില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ലോകകീരിടം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ടീം.