ഇസ്ലാമാബാദ്: പാക്കിസ്ഥാനെ മുന്നോട്ട് നയിക്കാന്‍ പുതിയ സര്‍ക്കാരിന്റെ പക്കല്‍ ആവശ്യത്തിന് പണമില്ലെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. സമ്പത്ത് ഉണ്ടാക്കേണ്ടതിന് പകരം കഴിഞ്ഞ സര്‍ക്കാര്‍ സാമ്പത്തിക ബാധ്യത വരുത്തിയ പദ്ധതികളാണ് നടപ്പാക്കിയതെന്ന് ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. ഇസ്ലാമാബാദില്‍ ഉന്നത ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ജനസംഖ്യയില്‍ ഭൂരിപക്ഷവും യുവാക്കളാണെന്നും, ഇവരില്‍ കൂടുതല്‍ പേരും തൊഴിലില്ലായ്മയുടെ പ്രതിസന്ധി അനുഭവിക്കുന്നവരാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടതായി പാക്ക് മാധ്യമമായ ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സാമ്പത്തികമായി തകര്‍ന്നിരിക്കുന്ന രാജ്യത്തെ കടക്കെണിയില്‍ നിന്ന് മുക്തമാക്കണമെന്നും, നമ്മള്‍ ഓരോരുത്തരും രാജ്യവും മാറേണ്ടിയിരിക്കുന്നുവെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
നമ്മളില്‍ മാറ്റമുണ്ടാകാന്‍ ദൈവം പ്രതിസന്ധി സൃഷ്ടിച്ചതാവാമെന്ന് പറഞ്ഞ ഇമ്രാന്‍ സര്‍ക്കാര്‍ ജനങ്ങളോട് കാണിക്കുന്ന ഉത്തരവാദിത്തം തിരിച്ച് ജനങ്ങള്‍ സര്‍ക്കാരിനോടും കാണിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.