ഇസ്ലാമാബാദ്: പാക്കിസ്ഥാൻ ഇപ്പോൾ ഭയക്കുന്നത് ത്രീവ്രവാദികളെയല്ല. രാജ്യത്ത് ഉണ്ടാകുന്ന വിഷവസ്തുക്കൾ നിറഞ്ഞ വായുവിനെയാണ്.
പാക്കിസ്ഥാനിൽ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപിച്ച പുക മഞ്ഞ് ആയിരക്കണക്കിന് ജനങ്ങളുടെ ജീവനാണ് എടുത്തത്.
ഇത്തരത്തിൽ മരണപ്പെട്ടവരുടെ കണക്കുകൾ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരേക്കാൾ കൂടുതലാണ്.അതിനാൽ പാക്കിസ്ഥാൻ ഇപ്പോൾ ഭയക്കുന്നത് അന്തരീക്ഷ മലിനീകരണത്തെയാണ്.
ഇസ്ലാമാബാദിൽ ചെറിയൊരു മഴ ഉണ്ടായതിനാൽ പുക മഞ്ഞ് ചെറുതായൊന്ന് കുറഞ്ഞിട്ടുണ്ട്. എന്നാൽ ചില പ്രദേശങ്ങളിലെ അവസ്ഥ ഗുരുതരമാണ്.
ലാഹോറിൽ അന്തരീക്ഷ മലിനീകരണം ശക്തമായി നിലനിൽക്കുന്നു. അതിനാൽ ജനങ്ങളോട് കൂടുതൽ കരുതിയിരിക്കണമെന്നും , മലിനീകരണം നിയന്ത്രിക്കുന്നതിനായി ജനങ്ങളും സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
പാക്കിസ്ഥാനിൽ ഇപ്പോൾ സംഭവിക്കുന്നത് ലോക ആരോഗ്യ സംഘടനയുടെ (WHO) സുരക്ഷിത പരിധിയേക്കാൾ 6 മടങ്ങ് കൂടുതലുള്ള അന്തരീക്ഷ മലിനീകരണമാണ്.
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആന്റ് ഇവാലുവേഷൻ നടത്തിയ പഠനം അനുസരിച്ച് മലിനീകരണം മൂലം ആളുകൾ മരണപ്പെടുന്ന മൂന്നാമത്തെ രാജ്യമാണ് പാക്കിസ്ഥാൻ.
ചൈനയും, ഇന്ത്യയുമാണ് ഒന്നും രണ്ടും സ്ഥാനത്ത് നിൽക്കുന്നത്. ഏകദേശം 125,000 ആളുകൾ വിഷപ്പുക കാരണം പാക്കിസ്ഥാനിൽ മരണപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
തീവ്രവാദ അക്രമണത്തിലുടെ കഴിഞ്ഞ വർഷങ്ങളിൽ പാക്കിസ്ഥാനിൽ 60,000 ആളുകളാണ് കൊല്ലപ്പെട്ടത്. ഇത് മലിനീകരണം കാരണം മരിക്കുന്നവരുടെ എണ്ണത്തേക്കാൾ കുറവാണ്.
പാക്കിസ്ഥാന്റെ നില നിലവിൽ പരിതാപകരമാണെന്നും, അതിനാൽ അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്നും സാമൂഹ്യ പ്രവർത്തകനായ അഹ്മദ് റഫെയ് ആലം സൂചിപ്പിച്ചു.
ഗർഭിണികളായ സ്ത്രീകൾ, വൃദ്ധജനങ്ങൾ, രോഗികൾ തുടങ്ങിയവർക്ക് പുക മഞ്ഞ് കാരണം കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടെന്നും പാക്കിസ്ഥാൻ ഭരണകൂടം ഇതുവരെ ഉണർന്നിട്ടില്ലായെന്നും പരിസ്ഥിതി പ്രവർത്തകനായ അബിദ് ഉമർ ചൂണ്ടിക്കാട്ടി.
ഇന്ത്യ ഇതുവരെ കാണാത്ത തരത്തിലുള്ള അന്തരീക്ഷ മലിനീകരണമാണ് അടുത്തിതിടെ ന്യൂഡൽഹിയിൽ കണ്ടത്. ചൈനയും ഇത്തരത്തിൽ പ്രതിസന്ധി നേരിടുന്നുണ്ട്.
ലോക രാജ്യങ്ങൾ എത്രത്തോളം വികസനത്തിന്റെ പാതയിൽ സഞ്ചരിച്ചാലും, നാം ജീവിക്കുന്ന ഈ ഭൂമിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്ന് തിരിച്ചറിയണം.
മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന പ്രവർത്തികളുടെ ഫലമാണ് ഇത്തരത്തിലുള്ള ദുരിതങ്ങൾക്ക് വഴിയൊരുക്കുന്നത്.
റിപ്പോർട്ട് : രേഷ്മ പി എം