സംഝോത ട്രെയിന്‍ സ്‌ഫോടനത്തിനു പിന്നില്‍ പാക്കിസ്ഥാന്‍ ; തെളിവുകള്‍ പുറത്തുവിട്ടു

ന്യൂഡല്‍ഹി : യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന സംഝോത ട്രെയിന്‍ സ്‌ഫോടനത്തിനു പിന്നില്‍ പാക്കിസ്ഥാനാണെന്നതിന്റെ തെളിവുകള്‍ പുറത്ത്.

സിമി നേതാവ് സഫ്ദര്‍ നഗോരിയുടെ നാര്‍കോ അനാലിസിസ് ടെസ്റ്റിന്റെ വിവരങ്ങള്‍ ഒരു ദേശീയ മാധ്യമമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

സിമി പ്രവര്‍ത്തകനായ അബ്ദുള്‍ റസാഖാണ് സ്‌ഫോടനം ആസൂത്രണം ചെയ്തതെന്നും പാക്കിസ്ഥാന്‍ പിന്തുണയോടെയാണ് സ്‌ഫോടനം നടത്തിയതെന്നും നഗോരി നാര്‍ക്കോ ടെസ്റ്റില്‍ പറയുന്നു.

സിമിയില്‍ നിന്ന് മാറി നിന്നതിനു ശേഷം പാക്കിസ്ഥാന്‍ നല്‍കുന്ന പണം താന്‍ ആഢംബര ജീവിതം നയിക്കാന്‍ ഉപയോഗിക്കുകയാണെന്ന് കുറ്റപ്പെടുത്തിയാണ് അബ്ദുള്‍ റസാഖ് സ്വന്തം നിലയില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടതെന്നും നഗോരി ചൂണ്ടിക്കാട്ടി.

ലഷ്‌കര്‍ ഇ തോയ്ബയുമായുള്ള ബന്ധവും നഗോരി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. ലഷ്‌കറില്‍ നിന്ന് താന്‍ ഒരു തോക്ക് ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ അത് ലഭിച്ചിരുന്നില്ലെന്നും നഗോറി വീഡിയോയില്‍ സൂചിപ്പിക്കുന്നുണ്ട്.

സംഝോത സ്‌ഫോടനത്തിന് പിന്നില്‍ പാക് അനുകൂല സംഘടനകളല്ലെന്നായിരുന്നു യുപിഎ സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികളുടെ വാദം.

സംഝോധ സ്‌ഫോടനത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്നതിന്റെ നിരവധി തെളിവുകള്‍ നേരത്തേതന്നെ പുറത്തുവന്നിരുന്നു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ 2009 ജൂണില്‍ പാസാക്കിയ പ്രമേയത്തില്‍ സംഝോധ സ്‌ഫോടനത്തിന് പിന്നില്‍ അല്‍ഖ്വയ്ദയും പാക്കിസ്ഥാനുമാണെന്ന് വ്യക്തമാക്കി.

2009 ജൂലൈയില്‍ അമേരിക്കന്‍ ധനകാര്യവകുപ്പ്, ലഷ്‌കര്‍ ഇ തൊയ്ബ ചീഫ് കോര്‍ഡിനേറ്റര്‍ പണവും അല്‍ഖ്വയ്ദ ആളുകളേയും സംഝോധ സ്‌ഫോടനത്തിനായി നല്‍കിയതായി പ്രസ്താവിച്ചിരുന്നു.

പാക്കിസ്ഥാന്‍ ഭീകരവാദികളെ സ്‌ഫോടനത്തിനായി വാടകയ്ക്ക് എടുത്തിരുന്നതായി പാക്ക്‌ ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് 2010 ജനുവരിയില്‍ പറഞ്ഞു.

സ്‌ഫോടനത്തില്‍ പങ്കുണ്ടായിരുന്ന ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ മൂന്നാം ഭാര്യ ഫൈസ, താന്‍ അറിയാതെ സംഝോത സ്‌ഫോടനത്തില്‍ ഭാഗമാകുകയായിരുന്നുവെന്നും കുറ്റ സമ്മത മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സിമി നേതാക്കളെ 2007ല്‍ നാര്‍ക്കോ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ പാക്കിസ്ഥാനികള്‍ക്ക് സ്‌ഫോടനം നടത്താന്‍ സഹായം ചെയ്തതായി അവര്‍ സൂചിപ്പിച്ചിരുന്നു .

Top