പാരീസ്: ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് (എഫ്.എ.ടി.എഫ്.) പാക്കിസ്ഥാനെ ഡാര്‍ക്ക് ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം എത്തുന്നത് നിയന്ത്രിക്കാനും നിരീക്ഷിക്കാനുമായാണ് നടപടി. ഒക്ടോബര്‍ 18-ന് ഇതുസംബന്ധിച്ച് അന്തിമതീരുമാനമെടുക്കുമെന്നാണ് സൂചന.
നിലവില്‍ ഗ്രേ പട്ടികയിലുള്ള പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കുന്നതിന്റെ ഭാഗമായാണ് കരിമ്പട്ടികയ്ക്ക് തൊട്ടുമുന്നിലുള്ള ഡാര്‍ക് ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. എഫ്.എ.ടി.എഫ്. പ്ലീനറിയില്‍ പങ്കെടുക്കുന്ന ഔദ്യോഗികവൃത്തങ്ങളാണ് പാകിസ്താനെതിരെ സ്വീകരിച്ചേക്കാവുന്ന കടുത്ത നടപടിയെക്കുറിച്ച് സൂചന നല്‍കിയത്. എഫ്.എ.ടി.എഫില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെട്ടേക്കുമെന്നും ഇവര്‍ പറയുന്നു.
എഫ്.എ.ടി.എഫ്. നിയമപ്രകാരം ഏറ്റവും കര്‍ശനമായ മുന്നറിയിപ്പാണ് ഡാര്‍ക് ഗ്രേ പട്ടിക. എഫ്.എ.ടി.എഫ്. നിഷ്‌കര്‍ഷിച്ച 27 കാര്യങ്ങളില്‍ വെറും ആറെണ്ണത്തില്‍ മാത്രമാണ് പാക്കിസ്ഥാന്‍ മികവ് തെളിയിച്ചത്. ഈ സാഹചര്യത്തിലാണ് പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള അവസാന അവസരമായി പാക്കിസ്ഥാനെ ഡാര്‍ക് ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്.
കഴിഞ്ഞ ജൂണില്‍ നടന്ന യോഗത്തില്‍ പാക്കിസ്ഥാനെ ഗ്രേ പട്ടികയിലാണ് ഉള്‍പ്പെടുത്തിയത്. ഒരുവര്‍ഷത്തിനുള്ളില്‍ നിഷ്‌കര്‍ഷിച്ച കര്‍മപദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കിയില്ലെങ്കില്‍ ഇറാനും നോര്‍ത്ത് കൊറിയയ്ക്കും ഒപ്പം പാക്കിസ്ഥാനെയും കരിമ്പട്ടികയില്‍പ്പെടുത്തിയേക്കുമെന്നും സൂചന നല്‍കിയിരുന്നു.