pakistan is nt naming a new airport after chinese president xi jinping

ഇസ്‌ലാമാബാദ് : ഏപ്രില്‍ ഫൂളിനോട് അനുബന്ധിച്ച് പാക്കിസ്ഥാനിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ദ് എക്‌സ്പ്രസ് ട്രിബ്യൂണ്‍ അവരുടെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച വ്യാജ വാര്‍ത്ത വിശ്വസിച്ച്, പ്രതികരണം രേഖപ്പെടുത്തിയ പ്രമുഖ രാഷ്ട്രീയ നേതാവ് കെണിയിലായി.

കഴിഞ്ഞ ദിവസം മുന്‍ പാക് ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക്കാണ് വിഡ്ഢി ദിനത്തിന്റെ കെണിയിലകപ്പെട്ടത്. ഒരു ദേശീയ പത്രം നല്‍കിയ പത്ര വാര്‍ത്തയില്‍ പ്രതികരിച്ചാണ് മാലിക് വാര്‍ത്തകളില്‍ ഇടം നേടിയത്. ഇസ്ലാമാബാദിലെ പുതിയ എയര്‍പോര്‍ട്ടിന് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ പേരിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നുവെന്ന തമാശ വാര്‍ത്തയാണ് കഴിഞ്ഞ ദിവസം എക്‌സ്പ്രസ് ട്രിബ്യൂണ്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ വാര്‍ത്ത കേട്ടപാതി കേള്‍ക്കാത്തപാതി അതിലെ നിജസ്ഥിതി മനസ്സിലാക്കാതെ പ്രതികരിച്ചാണ് റഹ്മാന്‍ മാലിക്ക് വിഡ്ഢി ദിനത്തില്‍ പങ്കാളിയായത്.

വാര്‍ത്ത എന്താണെന്ന് മുഴുവന്‍ അറിയാതെ പുതിയ എയര്‍പോര്‍ട്ടിന് പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബേനസീര്‍ ഭൂട്ടോയുടെ പേരിടണമെന്നായിരുന്നു റഹ്മാന്‍ മാലിക്കിന്റെ പ്രതികരണം. സര്‍ക്കാരിന്റെ തീരുമാനം അപലപനീയമാണെന്നും, ചൈനീസ് നേതാവിന്റെ പേര് എയര്‍പോര്‍ട്ടിനിടുകയാണെങ്കില്‍ തന്റെ പാര്‍ട്ടി ശക്തമായി എതിര്‍ക്കുമെന്നും റഹ്മാന്‍ മാലിക്ക് പറഞ്ഞു. ജനങ്ങളുടെ വികാരത്തിനെതിരായുള്ള തീരുമാനങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കണമെന്നും റഹ്മാന്‍ മാലിക്ക് മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാര്‍ ഇത്തരം തീരുമാനങ്ങള്‍ ഉടനടി ഉപേക്ഷിക്കുക യാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

മാലിക്കിനു പുറമെ, പാക്ക് സര്‍ക്കാരിന്റെ ‘കുല്‍സിത നീക്ക’ത്തിനെതിരെ കടുത്ത പ്രതിഷേധവുമായി പാക്കിസ്ഥാന്‍ പൗരന്‍മാരും രംഗത്തെത്തി. ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു വിമര്‍ശനങ്ങളിലേറെയും. പാക്ക് സര്‍ക്കാരിന്റെ നീക്കത്തെ വിമര്‍ശിച്ച ഇന്ത്യക്കാരുടെ എണ്ണവും കുറവല്ലെന്ന് എക്‌സ്പ്രസ് ട്രിബ്യൂണ്‍ ഇന്നു പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

Top