ന്യൂഡല്‍ഹി: ഇസ്ലാമാബാദില്‍ നടക്കാനിരിക്കുന്ന സാര്‍ക് സമ്മേളനത്തില്‍ അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ്, ഭൂട്ടാന്‍ എന്നീ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ പങ്കെടുക്കില്ല.
സാര്‍ക്ക് അധ്യക്ഷസ്ഥാനത്തുള്ള നേപ്പാളിനെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ രാജ്യാന്തര തലത്തില്‍ പാകിസ്താനുമേലുള്ള സമ്മര്‍ദം വര്‍ദ്ധിക്കും.
സാര്‍ക് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധവും സഹായങ്ങളും ഉറപ്പുവരുത്താന്‍ ബംഗ്ലദേശ് എന്നുമുണ്ടാകും. എന്നാല്‍ ഇപ്പേഴത്തെ സാഹചര്യത്തില്‍ ഇതൊന്നും നടപ്പാക്കാന്‍ സാധിക്കില്ല. അതിനാല്‍ ഇസ്ലമാബാദില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കില്ല ബംഗ്ലദേശ് വ്യക്തമാക്കി.
സാര്‍ക് അംഗമായ ചില രാജ്യങ്ങള്‍ സമാധാനത്തിനും സുരക്ഷയ്ക്കുമെതിരായ ഭീകരത വളര്‍ത്തുകയാണ്. അവര്‍ക്കൊപ്പം ചേര്‍ന്നു പങ്കെടുക്കുന്നതിനുള്ള താല്‍പര്യക്കുറവാണ് സമ്മേളനത്തില്‍നിന്നു വിട്ടുനില്‍ക്കാനുള്ള കാരണമെന്നും ഭൂട്ടാന്‍ സര്‍ക്കാര്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. അഫ്ഗാനിസ്ഥാനും ഇതേവിഷയം തന്നെയാണ് ഉന്നയിച്ചതെന്നാണ് വിവരം.
ദക്ഷിണേഷ്യയിലെ എട്ടു രാജ്യങ്ങളാണ് സാര്‍ക്കില്‍ അംഗമായിട്ടുള്ളത്. നേപ്പാള്‍, മാലദ്വീപ്, പാക്കിസ്ഥാന്‍, ശ്രീലങ്ക, ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍, ബംഗ്ലദേശ് തുടങ്ങിയവരാണ് അംഗരാജ്യങ്ങള്‍.