ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി20യിലും തോറ്റ് പാക്കിസ്ഥാൻ

ഹാമിൽട്ടൻ : ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി20യിലും തോറ്റ് പാക്കിസ്ഥാൻ. ഹാമിൽട്ടനിൽ നടന്ന രണ്ടാം മത്സരത്തിൽ 21 റൺസിനാണ് ന്യൂസീലൻഡിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങി കിവീസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തപ്പോൾ, മറുപടിയിൽ 19.3 ഓവറിൽ 173 റൺസിന് പാക്കിസ്ഥാൻ പുറത്തായി. അർധ സെഞ്ചറി നേടിയ കിവീസ് ഓപ്പണർ ഫിൻ അലനാണ് കളിയിലെ താരം.

59 റൺസിന്റെ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടാണ് ഫിൻ അലനും ഡെവോൺ കോൺവെയും ചേർന്നു ന്യൂസീലൻഡിനായി പടുത്തുയർത്തിയത്. ഫിൻ അലൻ 41 പന്തുകളിൽ 74 റൺസെടുത്തു പുറത്തായി. 24 പന്തുകളിൽ താരം അർധ സെഞ്ചറിയിലെത്തിയിരുന്നു. കെയ്ൻ വില്യംസൻ (15 പന്തിൽ 26), മിച്ചൽ സാന്റ്നർ (13 പന്തിൽ 25), ഡെവോൺ കോൺവെ (15 പന്തിൽ 20) എന്നിവരാണു ന്യൂസീലൻഡിന്റെ മറ്റു പ്രധാന സ്കോറർമാര്‍.

ഹാരിസ് റൗഫ് പാക്കിസ്ഥാനു വേണ്ടി മൂന്നു വിക്കറ്റു വീഴ്ത്തി. ക്യാപ്റ്റൻ ഷഹീൻ ഷാ അഫ്രീദി നാല് ഓവറുകളിൽ 30 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും കിട്ടിയില്ല. ഷഹീൻ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള രണ്ടാം മത്സരമാണിത്. ആദ്യ കളിയിലും പാക്കിസ്ഥാൻ തോറ്റിരുന്നു. മറുപടി ബാറ്റിങ്ങിൽ ബാബര്‍ അസമും ഫഖർ സമാനും പാക്കിസ്ഥാനു വേണ്ടി അർധ സെഞ്ചറി നേടിയെങ്കിലും മറ്റാരും തിളങ്ങാതിരുന്നതു തിരിച്ചടിയായി.

43 പന്തുകളിൽനിന്ന് ബാബർ 66 റൺസെടുത്തു. പരമ്പരയിലെ ആദ്യ മത്സരത്തിലും ബാബർ അർധ സെഞ്ചറി നേടിയിരുന്നു. 25 പന്തുകൾ നേരിട്ട ഫഖർ സമാൻ 50 റൺസെടുത്തും പുറത്തായി. 13 പന്തുകളിൽനിന്ന് 22 റൺസെടുത്ത ഷഹീൻ അഫ്രീദിയും തിളങ്ങി. മറ്റു പാക്ക് താരങ്ങൾക്കൊന്നും രണ്ടക്കം കടക്കാൻ പോലും സാധിച്ചില്ല. ന്യൂസീലൻഡ് താരം ആദം മിൽനെ നാലു വിക്കറ്റുകൾ വീഴ്ത്തി. ടിം സൗത്തി, ബെൻ സീർസ്, ഇഷ് സോഥി എന്നിവർ രണ്ടു വിക്കറ്റുകൾ വീതം സ്വന്തമാക്കി.

Top