ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് ഈ വര്‍ഷം 2050ല്‍ അധികം തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായെന്നും ഇതേത്തുടര്‍ന്ന് 21പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്നും വിദേശകാര്യമന്ത്രാലയം.
കശ്മീരില്‍ മനുഷ്യാവകാശലംഘനങ്ങള്‍ നടക്കുന്നെന്ന ആരോപണം യുഎന്നില്‍ പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ ഉന്നയിച്ചിരുന്നു. ഇതിനു ദിവസങ്ങള്‍ക്കു ശേഷമാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ഇന്ത്യ പുറത്തുവിടുന്നത്.
ഭീകരര്‍ക്കു നുഴഞ്ഞു കയറാന്‍ പാക്കിസ്ഥാന്‍ സൗകര്യം ഒരുക്കുന്നുവെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ഭാഗത്തുനിന്നു യാതൊരുവിധ പ്രകോപനവുമില്ലാതെയാണ് ഇത്രയധികം തവണ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തണമെന്നു പലവട്ടം പാക്കിസ്ഥാനോട് ആവശ്യപ്പെട്ടതാണ്. ഇന്ത്യ പരമാവധി സംയമനം പാലിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
2003ലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കരുതെന്നും നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും സമാധാനം പാലിക്കണമെന്നും പാക്കിസ്ഥാനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നതായും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.