ഇസ്ലാമാബാദ് : ഇന്ത്യക്കെതിരെ യുദ്ധഭീഷണിയുമായി പാക് മന്ത്രി ഷേയ്ക്ക് റാഷിദ് അഹമ്മദ്. പാക്കിസ്ഥാന് ശക്തമായ തിരിച്ചടി കൊടുക്കണമെന്ന കരസേനാ മേധാവിയുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. സൈന്യത്തിനൊപ്പം പാക് ജനതയും തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കണമെന്ന് ഷേയ്ക്ക് റാഷിദ് അറിയിച്ചു.
ഭീകരവാദവും സമാധാന ചര്‍ച്ചയും ഒരുമിച്ച് പോകില്ലെന്നാണ് കരസേനാ മേധാവി ബിപിന്‍ റാവത്ത് പാകിസ്ഥാന് വീണ്ടും മുന്നറിയിപ്പ് നല്‍കിയിരുന്നത്. തീവ്രവാദത്തെ പാകിസ്ഥാന്‍ പ്രോല്‍സാഹിപ്പിക്കുന്നു. ഭീകരരെ ഇന്ത്യയിലേയ്ക്ക് അയക്കുന്നുവെന്നും ബിപിന്‍ റാവത്ത് ആരോപിച്ചിരുന്നു.
അതേസമയം ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് അറിയിച്ചു കൊണ്ട് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നരേന്ദ്രമോദിയ്ക്ക് കത്തയച്ചിരുന്നുവെങ്കിലും കേന്ദ്ര സര്‍ക്കാര്‍ പിന്നീട് അത് തള്ളിക്കളഞ്ഞത് പാക്കിസ്ഥാന് തിരിച്ചടിയായിരുന്നു. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിക്കിടെ സുഷമാ സ്വരാജും പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷിയും കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
ബിഎസ്എഫ് ജവാന്റെ മൃതദേഹത്തോട് പാക്കിസ്ഥാന്‍ ക്രൂരമായി പെരുമാറിയതും മൂന്ന് കശ്മീര്‍ പൊലീസുകാരെ വധിച്ചതുമാണ് തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്. ഇതോടെ ഇന്ത്യ-പാക്ക് ബന്ധം കൂടുതല്‍ വഷളായിരുന്നു.
സമാധാന ചര്‍ച്ച നിരസിച്ച നടപടി ഇന്ത്യയുടെ ധിക്കാരമാണെന്നാണ് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പ്രതികരണം. ഇന്ത്യയുടെ തീരുമാനത്തില്‍ അങ്ങേയറ്റം നിരാശയുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരുന്നു.