ലാഹോര്‍: പാകിസ്താനില്‍ വീണ്ടും ദുരഭിമാന കൊല.എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ മാതാവും വീട്ടുകാരും ചേര്‍ന്ന് കഴുത്തറുത്ത് കൊന്നു.
പഞ്ചാബ് പ്രവിശ്യയില്‍ ഗുജ്‌റന്‍വാലയിലാണ് സംഭവം. മുഖ്ദാസ് എന്ന 22കാരിയെയാണ് അമ്മയും പിതാവും സഹോദരനും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തിയത്.
എട്ട് മാസം ഗര്‍ഭിണിയായിരുന്നു മുഖ്ദാസ്. തൗഫീക്ക് എന്നയാളെയാണ് മുഖ്ദാസ് വിവാഹം ചെയ്തത്. വിവാഹം വീട്ടുകാര്‍ക്ക് ഇഷ്ടമില്ലാതെയാണ് നടന്നത്.
മൂന്ന് വര്‍ഷം മുമ്പാണ് വിവാഹം കഴിഞ്ഞതെങ്കിലും വീട്ടുകാര്‍ മുഖ്ദാസുമായി അടുപ്പത്തിലായിരുന്നില്ല. കൊല ചെയ്യാനായി നേരത്തെ കുടുംബം ആസൂത്രണം ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു.
പ്രണയത്തിലായിരുന്ന മുഖ്ദാസും തൗഫീക്കും ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു. വീട്ടുകാരുടെ മാനം നഷ്ടപ്പെടുത്തിയെന്നു പറഞ്ഞ് മുഖ്ദാസിനെ ബന്ധുക്കള്‍ വിവാഹത്തിന് എതിര്‍ത്തിരുന്നു.
വീടുമായി പിന്നീട് ബന്ധമില്ലാതായ മുഖ്ദാസിനെ അമ്മ അംന മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക് ക്ഷണിച്ചു. സ്‌നേഹത്തോടെ പെരുമാറുന്നത് കണ്ട മുക്ദാസിനും തൗഫീക്കിനും അമ്മയുടെ പെരുമാറ്റത്തില്‍ സംശയമൊന്നും തോന്നിയില്ല.
എന്നാല്‍ എട്ട് മാസം ഗര്‍ഭിണിയായിരുന്ന മുഖ്ദാസ് ക്ലിനിക്കില്‍ പരിശോധനയ്ക്ക് പോയപ്പോള്‍ അവിടെ വന്ന് അംന വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ആദ്യമൊക്കെ മുഖ്ദാസിനോട് സ്‌നേഹത്തോടെ പെരുമാറിയെങ്കിലും പിന്നീട് അംനയുടെ ഭാവം മാറി. അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്നു. മുഖ്ദാസിനെ ഉപദ്രവിച്ച അംന കത്തികൊണ്ട് കഴുത്തില്‍ കുത്തുകയായിരുന്നു.
അംന, അച്ഛന്‍ അര്‍ഷാദ്, സഹോദരന്‍ ആദില്‍ എന്നിവര്‍ ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെ പൊലീസ് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തു. വീട്ടില്‍ റെയ്ഡ് നടത്തിയ പൊലീസ് അര്‍ഷാദിനെ അറസ്റ്റ് ചെയ്തു.