പാക്കിസ്ഥാൻ: അവിശ്വാസ പ്രമേയ വോട്ടെടുപ്പ് മൂന്നിന്

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ സംയുക്ത പ്രതിപക്ഷ സഖ്യം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ ഏപ്രില്‍ മൂന്നിന് വോട്ടെടുപ്പ് നടക്കുമെന്ന് ആഭ്യന്തരമന്ത്രി ഷെയ്ഖ് റഷീദ് അറിയിച്ചു. തിങ്കളാഴ്ച ദേശീയ അസംബ്ലിയില്‍ അവതരിപ്പിച്ച അവിശ്വാസപ്രമേയത്തില്‍ നാളെ ചര്‍ച്ച ആരംഭിച്ച് ഞായറാഴ്ച വോട്ടിനിടും.

ഭരണപക്ഷത്തുനിന്നു കൂറുമാറിയ പാര്‍ട്ടികളെല്ലാം തിരിച്ചുവരുമെന്നും ഇമ്രാന്‍ സര്‍ക്കാര്‍ അവിശ്വാസത്തെ അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭരണസഖ്യം ഞായറാഴ്ചയും സംയുക്ത പ്രതിപക്ഷ സഖ്യം തിങ്കളാഴ്ചയും നഗരത്തില്‍ ശക്തി പ്രകടനം നടത്തിയിരുന്നു.

സര്‍ക്കാരിനെ താഴെയിറക്കുമെന്നു പ്രധാന പ്രതിപക്ഷ കക്ഷികളുടെ സഖ്യമായ പാക്കിസ്ഥാന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് (പിഡിഎം) നേതാക്കള്‍ റാലിയില്‍ പ്രതിജ്ഞയെടുത്തു. ഇമ്രാന്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച പിഎംഎല്‍(ക്യു) പഞ്ചാബില്‍ മുഖ്യമന്ത്രിയെ മാറ്റിയതിനെ തുടര്‍ന്നു വീണ്ടും പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

 

Top