പത്താന്‍കോട്ട്: പത്താന്‍കോട്ട് ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന ദേശീയ അന്വേഷണ സംഘത്തെ (എന്‍ഐഎ) പാകിസ്ഥാനില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ അത് ഇന്ത്യയോട് കാട്ടുന്ന വിശ്വാസ വഞ്ചനയാണെന്ന് ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ്.
കേസന്വേഷണവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മില്‍ പരസ്പര ധാരണയിലെത്തിയിരുന്നു. ഇതിന്‍ പ്രകാരമാണ് പാക്ക് പ്രത്യേക അന്വേഷണ സംഘത്തിന് ഇന്ത്യയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയത്. അവര്‍ക്കുപിന്നാലെ ദേശീയ അന്വേഷണ ഏജന്‍സിയുടെ പ്രത്യേക സംഘത്തിനും പാക്കിസ്ഥാന്‍ പ്രവേശിക്കാന്‍ അനുമതി നല്‍കാമെന്നു സമ്മതിച്ചിരുന്നു. എന്നാല്‍ പാക്കിസ്ഥാന്‍ ഇതുവരെ അതിനു അനുമതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്‍ഐഎ സംഘത്തിനു പാകിസ്ഥാനില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി തങ്ങള്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നില്ലെന്നു പാക്കിസ്ഥാന്‍ തെളിയിക്കണം. പഠാന്‍കോട്ട് വ്യോമസേനാത്താവളം ആക്രമിച്ചവര്‍ പാക്കിസ്ഥാനില്‍നിന്നും എത്തിയവരാണെന്നു വ്യക്തമായിക്കഴിഞ്ഞു. ഈ പ്രശ്‌നത്തെ ഇന്ത്യ വളരെ ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീര്‍ ഒരിക്കലും ഇന്ത്യ-പാകിസ്ഥാന്‍ പ്രശ്‌നമല്ല. ഇരുരാജ്യങ്ങളും തമ്മില്‍ പ്രശ്‌നമുണ്ടായിട്ടുണ്ടെങ്കില്‍ അതു പാക്ക് അധീന കശ്മീരിനെ ചൊല്ലിയാണെന്നും അദ്ദേഹം വ്യക്തമാക്കി.