പാക് അധിനിവേശ കശ്മീര്‍ എന്നും ഇന്ത്യയുടെ ഭാഗം; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

 

 

ശ്രീനഗര്‍: പാക് അധിനിവേശ കശ്മീര്‍ എന്നും ഇന്ത്യയുടെ ഭാഗമായിരുന്നെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഭാവിയിലും അത് അങ്ങനെതന്നെ തുടരും. പാക്കിസ്ഥാന്‍ എത്രയോക്കെ സ്ഥാപിക്കാന്‍ ശ്രമിച്ചാലും അത് അവരുടേതാകില്ലെന്നും ജമ്മു സര്‍വകലാശാല സംഘടിപ്പിച്ച ‘സെക്യൂരിറ്റി കോണ്‍ക്ലേവ്’ അഭിസംബോധന ചെയ്യത് സംസാരിക്കവെ രാജ്‌നാഥ് സിങ് പറഞ്ഞു. ”പാക്ക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടെ മാത്രം ഭാഗമാണെന്നു വ്യക്തമാക്കുന്ന പ്രമേയം ഐകകണ്‌ഠ്യേന ഇന്ത്യന്‍ പാര്‍ലമെന്റില്‍ പാസാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒന്നല്ല, മൂന്നു നിര്‍ദേശങ്ങളെങ്കിലും പാര്‍ലമെന്റില്‍ ഇതുവരെ പാസാക്കിയിട്ടുണ്ട്.

ജമ്മു കശ്മീരിന്റെ ഒരു വലിയ ഭാഗം പാക്കിസ്ഥാന്‍ അനധികൃതമായി കയ്യേറിയിരിക്കുകയാണ്. ജമ്മു കശ്മീരില്‍ ജനങ്ങള്‍ സമാധാനത്തോടെ വസിക്കുന്നത് മറ്റൊരു ഭാഗത്തെ ജനങ്ങള്‍ കാണുന്നു. പാക്ക് അധിനിവേശ കശ്മീരില്‍ ജീവിക്കുന്ന ജനങ്ങള്‍ ഒരുപാട് കഷ്ടതകളിലൂടെയാണ് കടന്നുപോകുന്നത്. അവര്‍ ഇന്ത്യയിലേക്കു വരണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്യും”- രാജ്‌നാഥ് സിങ് പറഞ്ഞു.

ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുക വഴി കാലങ്ങളായി നീതി നിഷേധിക്കപ്പെട്ട ജമ്മു കശ്മീരിലെ ജനങ്ങള്‍ക്കു ബിജെപി സര്‍ക്കാര്‍ നീതി ലഭ്യമാക്കിയെന്നാണ് അഭിപ്രായപ്പെട്ടത്. ”ആര്‍ട്ടിക്കിള്‍ 370ഉം 35എയും കാരണം ജമ്മു കശ്മിരിലെ സാധാരണ ജനങ്ങളെ കാലങ്ങളായി രാജ്യത്തിന്റെ മുഖ്യധാരയില്‍നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയായിരുന്നു. ഏതെങ്കിലും ദേശവിരുദ്ധ ശക്തിക്കെതിരെ നടപടിയെടുക്കുന്നതിനും അതു തടസ്സമായിരുന്നു. സര്‍ക്കാരിന്റെ ഈ തീരുമാനത്തില്‍ ജനങ്ങള്‍ സന്തുഷ്ടരാണ്. വിദ്വേഷത്തിന്റെയും വിഘടനവാദത്തിന്റെയും കട തുറന്നവര്‍ക്കു മാത്രമാണ് അത് അടയുന്നതില്‍ അവിടെ പ്രശ്‌നമുള്ളത്”- രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഇറക്കിയ സംയുക്ത പ്രസ്താവനയിലൂടെ ഭീകരവാദ വിഷയത്തില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളുടെ മാനസികാവസ്ഥ ഇന്ത്യ മാറ്റിയതായി കാണാമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഭീകരവാദം രാജ്യനയമായി സ്വീകരിച്ച രാജ്യങ്ങള്‍ക്കൊന്നും ഇനി രക്ഷയില്ലെന്നും ലോകം മുഴുവന്‍ ഭീകരവാദത്തിനെതിരെ ഒന്നിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Top