പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഇനിയും അങ്ങനെതന്നെ ആയിരിക്കുമെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ബാബാ അമര്‍നാഥ് ഇന്ത്യയിലും മാ ശാരദാ ശക്തി നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തുമാകുന്നത് എങ്ങനെ സാധ്യമാകുമെന്നും അദ്ദേഹം ചോദിച്ചു. ജമ്മുവില്‍ നടന്ന ‘കാര്‍ഗില്‍ വിജയ് ദിവസ്’ പരിപാടിയോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പാക് അധിനിവേശ കശ്മീര്‍ സംബന്ധിച്ച് പാര്‍ലമെന്റില്‍ പാസാക്കിയ പ്രമേയത്തോട് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്. അത് അങ്ങനെ തന്നെ തുടരും. ബാബ അമര്‍നാഥ് ഇന്ത്യയിലും മാതാ ശാരദാ ശക്തി നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തുമാകുന്നത് എങ്ങനെ സാധ്യമാകും’, രാജ്‌നാഥ് സിങ്ങിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.
1962-ല്‍ ചൈന ലഡാക്കിലെ നമ്മുടെ പ്രദേശങ്ങള്‍ പിടിച്ചെടുത്തതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് നമ്മുടെ രാജ്യം ലോകത്തെ ശക്തമായ രാജ്യങ്ങളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു. ദുഷ്ടലാക്കോടെ നോക്കുന്ന ഏതൊരാള്‍ക്കും തക്കതായ മറുപടി നല്‍കാന്‍ ശക്തവും ആത്മവിശ്വാസവുമുള്ള ഒരു പുതിയ ഇന്ത്യ ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ഒരു ആഗോള സൂപ്പര്‍ പവര്‍ ആക്കുന്നത് നമ്മുടെ മണ്‍മറഞ്ഞ വീരന്മാര്‍ക്കുള്ള ഉചിതമായ ആദരാഞ്ജലിയാകുമെന്നും അദ്ദേഹം പറഞ്ഞു.