ആഞ്ഞടിച്ച് പാകിസ്ഥാൻ താരങ്ങൾ; മുട്ടുമടക്കി ലോക ഇലവൻ

ലഹോര്‍: ലാഹോറിലെ തിങ്ങിനിറഞ്ഞ ഗദ്ദാഫി സ്റ്റേഡിയം സാക്ഷിയായത് ചരിത്രനിമിഷത്തിനാണ്.

ലോക ഇലവനെ സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ പാകിസ്ഥാൻ മുട്ടുകുത്തിച്ചായിരുന്നു ജയം നേടിയത്.

ഇന്‍ഡിപെന്‍ഡന്റ്‌സ് കപ്പ് ടിട്വന്റി ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സടിച്ചു.

ലോക ഇലവന്റെ പ്രകടനം 177 റൺസിൽ അവസാനിപ്പിച്ചു.

ലോക ഇലവന് മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ നഷ്ടപ്പെടുകയായിരുന്നു.

ഷദബ് ഖാനും സൊഹൈല്‍ ഖാനും റണ്‍സ് വിട്ടുകൊടുക്കാന്‍ മടിച്ചതിനൊപ്പം ഫാഫ് ഡു പ്ലെസിസ്, ഡേവിഡ് മില്ലര്‍, ഗ്രാന്റ് എലിയറ്റ് എന്നിവരുടെ നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. 19 ഫോറും ഏഴു സിക്‌സുമാണ് ലോക ഇലവന്റെ ഇന്നിങ്‌സില്‍ പിറന്നത്.

അതേസമയം ബാബര്‍ അസമിന്റെ അര്‍ധസെഞ്ചുറിയുടെ (52 പന്തില്‍ 86) കരുത്തിലാണ് പാകിസ്ഥാന് മികച്ച സ്‌കോര്‍ നേടിയത്.

മുന്‍ ക്യാപ്റ്റന്‍ ഷോയബ് മാലിക്(20 പന്തില്‍ 38), ഓപ്പണര്‍ അഹമദ് ഷെഹ്സാദ്(34 പന്തില്‍ 39) എന്നിവരും ബാബര്‍ അസമിന് പിന്തുണ നല്‍കി. 10 ബൗണ്ടറിയും രണ്ട് സിക്സറുടമങ്ങുന്നതായിരുന്നു അസമിന്റെ ഇന്നിങ്സ്.

മാലിക് 20 പന്തില്‍ നാലു ബൗണ്ടറിയും രണ്ടു സിക്സറും പറത്തി. ഇമാദ് വസീം നാലു പന്തില്‍ രണ്ടു സിക്സറടക്കം 15 റണ്‍സ് നേടി പുറത്താകാതെ നിന്നു.

തുടക്കം മുതല്‍ ആക്രമിച്ചുകളിച്ച പാക് ബാറ്റ്സ്മാന്മാരെ തളച്ചിടാന്‍ ബൗളര്‍മാര്‍ക്കായില്ല. ശ്രീലങ്കന്‍ താരം തിസാര പെരേര രണ്ടു വിക്കറ്റ് വീഴ്ത്തിയെങ്കിലും നാല് ഓവറില്‍ 51 റണ്‍സ് വഴങ്ങി.

പെരേരയുടെ അവസാന ഓവറില്‍ മൂന്നു സിക്സറടക്കം 19 റണ്‍സ് പിറന്നു. മോണെ മോര്‍ക്കല്‍, ബെന്‍ കട്ടിങ്, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ ഓരോ വിക്കറ്റു നേടി.

പാകിസ്ഥാനിലേക്ക് മുന്‍നിര ക്രിക്കറ്റ് ടീമുകളുടെ മടങ്ങിവരവിന് തുടക്കമിടുമെന്ന് കരുതുന്ന ടൂര്‍ണമെന്റാണിത്. മൂന്ന് മത്സരങ്ങളാണ് ടൂര്‍ണമെന്റിലുള്ളത്.

Top