ഇന്ത്യയുമായി ചര്‍ച്ചയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ് : ഇന്ത്യയുമായി ചര്‍ച്ചയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കര്‍ഫ്യൂ പിന്‍വലിക്കും വരെ കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്കില്ലെന്നും ഇമ്രാന്‍ ഖാന്‍ അറിയിച്ചു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യയുമായി ഒരു ചര്‍ച്ചയ്ക്കും തയാറല്ലെന്നും പരമ്പരാഗത യുദ്ധം സംഭവിച്ചേക്കുമെന്നും ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യയുമായുള്ള യുദ്ധം ഉപഭൂഖണ്ഡത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കില്ല. താന്‍ ഒരു സമാധാനവാദിയാണ്, യുദ്ധത്തിന് എതിരാണ്. യുദ്ധം കൊണ്ട് ഒരു പ്രശ്‌നത്തിനും പരിഹാരമാവില്ലെന്നും ഇമ്രാന്‍ പറഞ്ഞിരുന്നു.

അതേസമയം അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ബന്ധം മെച്ചപ്പെടില്ലെന്ന് ഇന്ത്യയും വ്യക്തമാക്കിയിരുന്നു.

ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പാകിസ്ഥാന്‍ വ്യോമപാത നിഷേധിച്ചിരുന്നു. പാക് വ്യോമപാത വഴി മോദിയുടെ പ്രത്യേക വിമാനത്തിന് കടന്നുപോകാനുള്ള അനുമതി നല്‍കില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി അറിയിച്ചു.

കാശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം പിന്‍വലിക്കാതെ വ്യോമപാത തുറന്നുനല്‍കില്ലെന്നാണ് പാകിസ്ഥാന്റെ വിശദീകരണം. പാക് വ്യോമപാത ഒഴിവാക്കി ഒമാന്‍ വഴിയാകും മോദി അമേരിക്കയിലേക്ക് പറക്കുക.

യു.എന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനത്തിന്റെ യാത്രയ്ക്ക് വേണ്ടിയാണ് ഇന്ത്യ നയതന്ത്ര തലത്തില്‍ അനുമതി തേടിയത്. സെപ്തംബര്‍ 21 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക് പോകുന്നത്. ബാലാക്കോട്ട് ആക്രമണത്തിനു പിന്നാലെ അടച്ച പാക് വ്യോമപാത പിന്നീടു തുറന്നെങ്കിലും കാശ്മീരിന്റെ പ്രത്യേകാവകാശം എടുത്തുകളഞ്ഞതില്‍ പ്രതിഷേധിച്ച് പാകിസ്ഥാന്‍ വീണ്ടും അടയ്ക്കുകയായിരുന്നു.

Top