കറാച്ചി: ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റാ) അയച്ച രണ്ട് ‘ചാരന്മാ’രെ അറസ്റ്റ് ചെയ്തതായി പാകിസ്ഥാന്‍ അവകാശപ്പെട്ടു. സിന്ധ് പ്രവിശ്യയിലെ തട്ട പട്ടണത്തില്‍ നടത്തിയ റെയ്ഡിനിടെയാണ് സദാം ഹുസൈന്‍, ബച്ചല്‍ എന്നിവരെ പിടികൂടിയതെന്ന് പാക് ഭീകരവിരുദ്ധ വകുപ്പ് സീനിയര്‍ സൂപ്രണ്ട് നവീദ് ഖൗജയെ ഉദ്ധരിച്ചു കൊണ്ട് പാകിസ്ഥാന്‍ മാദ്ധ്യമമായ ന്യൂസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ റായ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്നു വെളിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
ഇരുവര്‍ക്കും ഇന്ത്യ രഹസ്യ കോഡ് നല്‍കിയിരുന്നുവെന്നും ഖൗജ പത്രസമ്മേളനത്തില്‍ പറഞ്ഞു. ചൈനപാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി പദ്ധതി തകര്‍ക്കുകയായിരുന്നു ഇവരുടെ ദൗത്യമെന്നും ഖൗജ അവകാശപ്പെട്ടു. സുപ്രധാന സ്ഥലങ്ങളുടെ ഭൂപടങ്ങളും മറ്റും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ മാസം ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ നിന്ന് ഇന്ത്യന്‍ നേവിയില്‍ കമാന്‍ഡര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനായ ഇന്ത്യന്‍ ചാരനെ പിടികൂടിയതായി പാകിസ്ഥാന്‍ ആരോപിച്ചിരുന്നു.