യുഎസിനെ പേടിച്ച് ഹാഫിസ് സയിദിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഒരുങ്ങി പാകിസ്ഥാന്‍

hafees-sayed

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണ കേസിന്റെ സൂത്രധാരനും അമേരിക്ക ആഗോള തീവ്രവാദികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ജമാത്-ഉദ്-ദവ തലവനുമായ ഹാഫിസ് സയിദിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഒരുങ്ങി പാക്കിസ്ഥാന്‍ സര്‍ക്കാര്‍. ഇതിനുള്ള ഉത്തരവ് ഡിസംബര്‍ 19ന് വിവിധ ഫെഡറല്‍ സര്‍ക്കാരുകള്‍ക്കും വകുപ്പുകള്‍ക്കും കൈമാറിയതായി റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അതീവ രഹസ്യം എന്ന നിര്‍ദ്ദേശത്തിലാണ് ഉത്തരവ് ധനമന്ത്രാലയം കൈമാറിയിരിക്കുന്നത്. സ്വത്തുക്കളും സയിദിന്റെ സന്നദ്ധ സ്ഥാപനങ്ങളും ഏറ്റെടുക്കുന്നതിനുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. ജമാത്-ഉദ്-ദവ കൂടാതെ ഫലഹ്-ഇ-ഇന്‍സാനിയത് ഫൗണ്ടേഷന്‍ എന്നിവയാണ് സയിദിന്റെ നേതൃത്വത്തിലുള്ളത്.

ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോവ്‌സ് (എഫ്.എ.ടി.എഫ്) എന്നാണ് ഈ കര്‍മ്മപദ്ധതിക്ക് പേരു നല്‍കിയിരിക്കുന്നത്. സയിദിന്റെ രണ്ട് സ്ഥാപനങ്ങളുടെ പേരുകള്‍ മാത്രമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവയ്‌ക്കെതിരെ നടപടി വേണമെന്ന കാര്യവും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സാമ്പത്തിക തിരിമറി, ഭീകരതയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് തടയുക തുടങ്ങിയ ചുമതലകളുള്ള അന്താരാഷ്ട്ര ഏജന്‍സിയാണ് എഫ്.എ.ടി.എഫ്. ഭീകരതയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് തടഞ്ഞില്ലെങ്കില്‍ ഏജന്‍സിയുടെ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് എഫ്.എ.ടി.എഫ് പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുഎസിന്റെ സാമ്പത്തിക സഹായം മുടങ്ങാതിരിക്കാനാണ് പാക്കിസ്ഥാന്റെ അപ്രതീക്ഷിത നടപടിയെന്നും ആക്ഷേപമുണ്ട്.

Top