ഇസ്‌ലാമാബാദ്: ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുണൈറ്റഡ് നേഷനില്‍ ഇന്ത്യ പാക്കിസ്ഥാനുമേല്‍ നയതന്ത്ര വിജയം നേടിയതിനു പിന്നാലെ ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് അറിയിച്ച് പാക്കിസ്ഥാന്‍.
എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ നിരുപാധിക ചര്‍ച്ചയ്ക്കു തയാറാണെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ വിദേശകാര്യ വക്താവ് സര്‍താജ് അസീസ് അറിയിച്ചു.
കാശ്മീര്‍ വിഷയത്തിലും അന്തിമ തീരുമാനമാകാതെ ചര്‍ച്ചകള്‍ക്ക് പൂര്‍ണതയുണ്ടാകില്ലെന്നും ഒരു പാക് ടെലിവിഷന്‍ ചാനലിനു നല്കിയ അഭിമുഖത്തില്‍ സര്‍താജ് അസീസ് വ്യക്തമാക്കി.
നവാസ് ഷരീഫ് യുഎന്നില്‍ കാശ്മീര്‍ വിഷയം ഉന്നയിക്കാന്‍ നിര്‍ബന്ധിതനായതാണ്. രാജ്യാന്തര തലത്തില്‍തന്നെ കാശ്മീര്‍ പ്രശ്‌നബാധിത മേഖലയായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും സര്‍താജ് അസീസ് പറഞ്ഞു.
കാശ്മീര്‍ പ്രക്ഷോഭം ഉയര്‍ത്തിക്കാട്ടിയും കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദിന്‍ നേതാവ് ബുര്‍ഹന്‍ വാനിയെ മഹത്വവത്കരിച്ചും യുഎന്‍ പൊതുസഭയില്‍ ഇന്ത്യയെ പ്രതിക്കൂട്ടിലാക്കാന്‍ ഷരീഫ് ശ്രമിച്ചിരുന്നു.
എന്നാല്‍, പാക്കിസ്ഥാന്‍ ഭീകരരാഷ്ട്രമാണെന്നും ഭീകരരെ സഹായിക്കാനും പരിശീലിപ്പിക്കാനും അന്താരാഷ്ട്ര സഹായമുള്‍പ്പെടെ കോടിക്കണക്കിനു രൂപ അവര്‍ വഴിതിരിച്ചുവിടുകയാണെന്നും ഇന്ത്യ തിരിച്ചടിച്ചു.
പുരാതനകാലത്തെ പ്രശസ്ത പഠനകേന്ദ്രമായ തക്ഷശില ഇന്നു ഭീകരതയുടെ വിളനിലമാണ്. മനുഷ്യാവകാശലംഘനങ്ങളില്‍ ഏറ്റവും ഹീനമായ ഭീകരതയ്ക്കായി പാക്കിസ്ഥാന്‍ കോടിക്കണക്കിനു രൂപ ചെലവഴിക്കുകയാണെന്നും യുഎന്നിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി ഈനം ഗംഭീര്‍ ചൂണ്ടിക്കാട്ടി.