ഇസ്ലാമാബാദ് : പാകിസ്താനിൽ ന്യൂനപക്ഷ വിഭാഗത്തിന് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതപരിവർത്തനം നടത്തി. പാക് പഞ്ചാബിലെ ഗുജ്രൻവാല പ്രദേശത്താണ് സംഭവം.
പതിമൂന്നുകാരിയായ ക്രിസ്ത്യൻ പെൺകുട്ടിയെയാണ് സദ്ദാം എന്നയാൾ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചത്. ഇയാൾക്ക് മൂന്ന് ഭാര്യമാരും അതിൽ നാല് കുട്ടികളുമുണ്ടെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പറയുന്നു. ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
തന്റെ സ്ഥാപനത്തിൽ ജോലി നൽകാമെന്ന് പറഞ്ഞാണ് ഇയാൾ പതിമൂന്നുകാരിയായ നയാബ് ഗില്ലിനെ കൊണ്ടുപോയത്. പ്രദേശത്തെ ഒരു സലൂണിൽ ജോലി ചെയ്തിരുന്ന പെൺകുട്ടിയ്ക്ക് കൊറോണ കാലത്ത് ജോലി നഷ്ടപ്പെടുകയായിരുന്നു.
സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമാണ് പെൺകുട്ടിയെ അച്ഛനും അമ്മയും ജോലിയ്ക്ക് വിട്ടത്. എന്നാൽ സദ്ദാം കുടുംബത്തെ സമീപിച്ച് പെൺകുട്ടിയ്ക്ക് ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്തു. പെൺകുട്ടി തന്റെ അഞ്ചാമത്തെ മകളെപ്പോലെയാണെന്ന് സദ്ദാം പറഞ്ഞതായി നയാബിന്റെ അച്ഛൻ വ്യക്തമാക്കി.