മെല്‍ബണ്‍: ഐസിസി ടി-ട്വന്റി റാങ്കില്‍ കണക്കിലെ പിഴവുകള്‍ മൂലമാണ് പാക്കിസ്ഥാന്‍ ഒന്നാം സ്ഥാനത്തെത്തിയതെന്ന ആരോപണവുമായി ഓസ്‌ട്രേലിയ രംഗത്ത്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ഇംഗ്ലണ്ട്, ന്യൂസിലാന്റ് എന്നീ ടീമുകള്‍ ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര ടി-ട്വന്റി പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കിയിട്ടും ഒന്നാം റാങ്ക് ലഭിച്ചില്ലെന്നാണ് ഓസ്ട്രലിയ ചൂണ്ടിക്കാട്ടുന്നത്. ടി-ട്വന്റിയില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കിയിരുന്നു. എന്നാല്‍ പുതിയതായി വന്ന പട്ടികയില്‍ പാക്കിസ്ഥാനാണ് ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്.
ഐസിസിക്ക് കണക്കുകളില്‍ വീഴ്ച പറ്റിയതാണ് തങ്ങളുടെ ഒന്നാംസ്ഥാനം നഷ്ടപ്പെടാന്‍ കാരണമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഐസിസിയുടെ ഏറ്റവും പുതിയ പട്ടികയില്‍ 125.84 പോയിന്റുമായി പാക്കിസ്ഥാന്‍ ഒന്നാമതും 125.65 പോയിന്റുമായി ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തുമാണ്. ഇന്ത്യയ്ക്കാണ് മൂന്നാം സ്ഥാനം. 2011ല്‍ ഐസിസി ടി-ട്വന്റി റാങ്കിങ് തുടങ്ങിയത് മുതല്‍ ഓസ്‌ട്രേലിയക്ക് ഇതുവരെ ഒന്നാം റാങ്ക് നേടാനായിട്ടില്ല.