പാക്കിസ്ഥാന്റെ ഏഷ്യാ കപ്പ് ഫൈനല്‍ പ്രതീക്ഷകള്‍ വെള്ളത്തിലാക്കി കൊളംബോയില്‍ കനത്ത മഴ

കൊളംബോ: പാക്കിസ്ഥാന്റെ ഏഷ്യാ കപ്പ് ഫൈനല്‍ പ്രതീക്ഷകള്‍ വെള്ളത്തിലാക്കി കൊളംബോയില്‍ കനത്ത മഴ തുടരുന്നു. രാത്രിയോടെ മഴ പെയ്യുമെന്നായിരുന്നു പ്രവചനമെങ്കിലും ഉച്ചയോടെ തന്നെ കനത്ത ഇടിയും മഴയും എത്തുകയായിരുന്നു. ഇതോടെ ടോസ് പോലും ഇതുവരെ ഇടാനായിട്ടില്ല. ഇപ്പോഴും കൊളംബോയില്‍ കനത്ത മഴ തുടരുകയാണ്. മഴ മാറിയാലും ഔട്ട് ഫീല്‍ഡിലെ ഈര്‍പ്പം മാറാന്‍ സമയമെടുക്കുമെന്നതിനാല്‍ മത്സരം വൈകി മാത്രമേ തുടങ്ങാനാവു.

50 ഓവര്‍ മത്സരം സാധ്യമല്ലെങ്കില്‍ 20 ഓവര്‍ വീതമെങ്കലും മത്സരം നടത്താനുള്ള സാധ്യത ആരായും. പ്രേമദാസ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് മുഴുവവ്‍ കവര്‍ ചെയ്തിട്ടുണ്ടെങ്കിലും മഴ മാറി നിന്നാലും മണിക്കൂറുകള്‍ കഴിഞ്ഞാലെ മത്സരം തുടങ്ങൂ എന്നാണ് അറിയുന്നത്. രാത്രിയോടെ മഴ കുറയുമെന്നാണ് ആശ്വാസകരമായ പ്രവചനം.

ഇന്ന് മഴമൂലം മത്സരം നടക്കാതെ വന്നാല്‍ റിസര്‍വ് ദിനമില്ലാത്തതിനാല്‍ പോയന്റുകള്‍ ഇരു ടീമും തുല്യമായി പങ്കിടും. അങ്ങനെ വരുമ്പോള്‍ പാക്കിസ്ഥാനും ശ്രീലങ്കക്കും മൂന്ന് പോയന്റ് വീതമാകും. ഈ സാഹചര്യത്തില്‍ നെറ്റ് റണ്‍റേറ്റാകും ഫൈനലിസ്റ്റുകളെ നിര്‍ണയകിക്കുക. അവിടെയാണ് പാക്കിസ്ഥാന് പണി കിട്ടിയത്. ഇന്ത്യക്കെതിരായ 228 റണ്‍സ് തോല്‍വിയോടെ പാക്കിസ്ഥാന്റെ നെറ്റ് റണ്‍റേറ്റ് -1.892 ആണ്. ഇന്ത്യക്കെതിരെ 41 റണ്‍സ് തോല്‍വി വഴങ്ങിയ ശ്രീലങ്കയുടെ നെറ്റ് റണ്‍ റേറ്റ് -0.200 ആണെങ്കിലും പാക്കിസ്ഥാനെക്കാള്‍ മുന്നിലാണ്.

മഴ മൂലം മത്സരം ഉപേക്ഷിച്ചാല്‍ നെറ്റ് റണ്‍ റേറ്റില്‍ മാറ്റമൊന്നും വരില്ലെന്നതിനാല്‍ ശ്രീലങ്ക ഫൈനലിലെത്തും. രാത്രി മഴയുടെ ശക്തി കുറയുമെന്ന് മാത്രമാണ് ആശ്വാസം. ടൂര്‍ണമെന്റിൽ നന്നായി തുടങ്ങിയ പാക്കിസ്ഥാന്റെ പദ്ധതികളെല്ലാം പാളിയത് ഇന്ത്യക്കെതിരെ തോറ്റതാണ്. പിന്നാലെ പേസര്‍മാരായ നസീം ഷാക്കും ഹാരിസ് റൗഫിനും പരിക്കേറ്റതും തിരിച്ചടിയായി.

സൂപ്പര്‍ ഫോറിലെ അവസാന പോരാട്ടത്തില്‍ ഇന്ത്യ നാളെ ബംഗ്ലാദേശിനെ നേരിടും. ഞായറാഴ്ചയാണ് ഫൈനല്‍. ശ്രീലങ്കയെ തോല്‍പ്പിച്ച് ഇന്ത്യ നേരത്തെ ഫൈനലുറപ്പിച്ചിരുന്നു.

Top