വിമതന്മാരെ അയോഗ്യരാക്കണം; സുപ്രീംകോടതിയെ സമീപിച്ച് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: പാകിസ്താനില്‍ രാഷ്ട്രീയ പ്രതിസന്ധി അതിരൂക്ഷം. പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം വെള്ളിയാഴ്ച പാര്‍ലമെന്റ് പരിഗണിക്കും. പ്രമേയത്തില്‍ പരാജയപ്പെടുമെന്ന് ഉറപ്പായ ഖാന്‍ വിമതരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. അറ്റോര്‍ണി ജനറല്‍ ഖാലിദ് ജാവേദ് ഖാന്‍ ആണ് ഹര്‍ജി നല്‍കിയത്. വെള്ളിയാഴ്ച വിശാല ബെഞ്ച് ഇക്കാര്യം പരിഗണിക്കും.

സൈന്യവും ഇമ്രാന്‍ ഖാനെ കൈവിട്ടതോടെ അവിശ്വാസ പ്രമേയം പരിഗണിക്കുന്നത്തിന് മുമ്പേ രാജിയുണ്ടായേക്കുമെന്നും സൂചനയുണ്ട്. അതേസമയം അവിശ്വാസ പ്രമേയം വിജയിച്ചാല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഷഹ്ബാസ് ഷരീഫിനെ പ്രധാന പ്രതിപക്ഷമായ പാകിസ്താന്‍ മുസ്ലീം ലീഗ്-നവാസ് (പിഎംഎല്‍-എന്‍) വിഭാഗം നിര്‍ദേശിച്ചു. പിഎംഎല്‍-എന്‍ വൈസ് പ്രസിഡന്റ് മറിയം നവാസാണ് പേര് നിര്‍ദേശിച്ചത്.

342 അംഗ പാര്‍ലമെന്റില്‍ 172 വോട്ട് ആണ് ഭൂരിപക്ഷത്തിന് വേണ്ടത്. പ്രതിപക്ഷകക്ഷിയായ പിഎംഎല്‍- നവാസ് വിഭാഗം, പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) എന്നിവരുടെ എംപിമാരാണ് പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇവര്‍ക്കൊപ്പം ഇമ്രാന്റെ പാര്‍ട്ടി വിമതന്മാരും ചേര്‍ന്നാല്‍ സര്‍ക്കാര്‍ താഴെവീഴും. കഴിഞ്ഞ 4 വര്‍ഷത്തിനിടെ ഇമ്രാന്റെ സര്‍ക്കാര്‍ പാകിസ്താനെ ദുര്‍ബലപ്പെടുത്തിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

 

 

Top