കറാച്ചി: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ രണ്ട് സംഘങ്ങൾ തമ്മിലുള്ള വെടിവയ്‌പ്പിൽ ഒമ്പത് പേർ മരിച്ചു. കാഷ്മോർ ജില്ലയിലെ ചാച്ചർ ഗോത്രവർഗ വിഭാഗവും സബ്സോയി ഗോത്രവർഗ വിഭാഗവും തമ്മിലാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. ചാച്ചർ ഗോത്രവർഗ വിഭാഗം സബ്സോയി വിഭാഗത്തിനെ അക്രമിക്കാൻ പദ്ധതിയിടുകയായിരുന്നു. എന്നാൽ സബ്സോയി വിഭാഗം ആക്രമണത്തെ എതിർക്കുകയും ഇരുവശത്തുമായി ഒമ്പത് പേർ കൊല്ലപ്പെട്ടതായും പൊലീസ് പറഞ്ഞു.
ചാച്ചർ ഗോത്രവർഗ വിഭാഗത്തിലെ 7 പേരും സബ്സോയി വിഭാഗത്തിലെ 2 പേരും മരിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. മൃതദേഹങ്ങൾ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവ സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. നേരത്തെ സബ്സോയി വിഭാഗം ചാച്ചർ വിഭാഗത്തിനെതിരെ ആക്രമണം അഴിച്ചു വിടുകയും കന്നുകാലികളെ മോഷ്ടിക്കുകയും ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ആക്രമണം ഉണ്ടായതെന്ന് കാഷ്മോർ സീനിയർ പൊലീസ് സൂപ്രണ്ട് അംജദ് അലി ഷെയ്ക്ക് പറഞ്ഞു.