വാഷിങ്ടണ്‍: സ്വന്തം മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഭീകരവാദ സംഘടനകളെ അടിച്ചമര്‍ത്താന്‍ പാകിസ്താന്‍ ശ്രമിക്കണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് ജോണ്‍ കിര്‍ബി. ഇന്നലെ പാകിസ്താനിലെ ക്വറ്റയിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നലെ ക്വറ്റയിലുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും ക്രൂരവുമാണ്. ആദ്യമായല്ല പാകിസ്താനിലെ ജനങ്ങള്‍ ഭീകരാക്രമണത്തിന്റെ ഇരയാകുന്നത്, ഇത് വളരെ ദുഃഖകരമാണ്. നിരവധി സൈനികരും ജനങ്ങളും ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും കിര്‍ബി പറഞ്ഞു.
അയല്‍രാജ്യങ്ങളെ ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളെ തടുക്കണം. അതുവഴി മേഖലയിലെ സ്ഥിരത നിലനിര്‍ത്താനാകുമെന്ന് വിശ്വസിക്കുന്നതായി ജോണ്‍ കിര്‍ബി പറഞ്ഞു.
അതേസമയം, രാജ്യമെങ്ങും ബഹുജനറാലി നടത്തുമെന്ന തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി ചെയര്‍മാന്‍ ഇമ്രാന്‍ ഖാന്റെ ഭീഷണിക്കിടയിലും പാക്ക് സര്‍ക്കാരിന് എല്ലാവിധ പിന്തുണയും സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് നല്‍കിയിട്ടുണ്ട്. ജനാധിപത്യമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെയാണ് തങ്ങള്‍ പിന്തുണയ്ക്കുക. സമാധാനത്തിലുള്ള എല്ലാ പ്രതിഷേധങ്ങളെയും പിന്തുണയ്ക്കുന്നു. എന്നാല്‍, ഇമ്രാന്‍ ഖാന്റെ വിഷയം പാകിസ്താന്റെ ആഭ്യന്തര കാര്യമാണ്, ജോണ്‍ കിര്‍ബി കൂട്ടിച്ചേര്‍ത്തു.