ഭീകരർക്ക് നൽകുന്ന പിന്തുണ അവസാനിപ്പിച്ചാൽ പാക്കിസ്ഥാനുമായി ചർച്ച നടത്താം ; റാവത്ത്

General Bipin Rawat

ജയ്പുര്‍: പാക്കിസ്ഥാൻ ഭീകരർക്കും തീവ്രവാദ പ്രവർത്തനങ്ങൾക്കും നൽകുന്ന പിന്തുണ അവസാനിപ്പിച്ചാൽ സമാധാന ചര്‍ച്ച നടത്താൻ ഇന്ത്യയ്ക്ക് പൂര്‍ണ സമ്മതമാണെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്.

ഇന്ത്യയുമായുള്ള സമാധാന ചര്‍ച്ചയ്ക്ക് താത്‌പര്യമുണ്ടെന്ന് അറിയിച്ച പാക്ക് സേനാ മേധാവിക്കുള്ള മറുപടിയായാണ് ആദ്യം ഭീകരര്‍ക്ക് നല്‍കിവരുന്ന പിന്തുണ അവസാനിപ്പിക്കാന്‍ ജനറല്‍ റാവത്ത് ആവശ്യപ്പെട്ടത്.

പാക്കിസ്ഥാൻ നടത്തുന്ന പ്രവർത്തനങ്ങൾ നിരീക്ഷിച്ചാൽ അവര്‍ക്ക് സമാധാന ചര്‍ച്ചകള്‍ക്ക് താല്‍പര്യമുണ്ടെന്നതിന്റെ സൂചന ലഭിക്കുന്നില്ലെന്നും റാവത്ത് ആരോപിച്ചു.

പാക്കിസ്ഥാനും ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തി സമാധാനം നിലനിർത്താൻ ശ്രമിക്കണമെന്ന് പാക്ക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഇത്തരത്തിൽ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവന്നാല്‍ സൈന്യം പൂര്‍ണമായും പിന്തുണയ്ക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റില്‍ സുരക്ഷാ വെല്ലുവിളികളെക്കുറിച്ചു വിശദീകരിക്കുമ്പോഴാണ് സൈനിക മേധാവി ഇന്ത്യയുമായുള്ള സമാധാന ചര്‍ച്ചകളെ പിന്തുണച്ചത്.

പാക്കിസ്ഥാന്റെ സൈന്യമാണ് ഇന്ത്യയുമായുള്ള സമാധാനശ്രമങ്ങൾക്ക് തടസമെന്ന് ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ചര്‍ച്ചകള്‍ക്ക് പാക്ക് സൈനിക മേധാവി പിന്തുണ അറിയിച്ചത്.

ഇന്ത്യ-പാക്ക് അതിര്‍ത്തിയോടു ചേര്‍ന്ന് താര്‍ മരുഭൂമിയില്‍ സൈന്യത്തിന്റെ ദക്ഷിണ കമാന്‍ഡ് സംഘടിപ്പിച്ച ‘ഹമേഷാ വിജയി’ പരിശീലനം കാണാനെത്തിയപ്പോഴാണ് ഇന്ത്യന്‍ സൈനിക മേധാവി, പാക്ക് സൈനിക ജനറല്‍ ബജ്‌വയുടെ പ്രസ്താവനയോട് പ്രതികരിച്ചത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകണമെന്നും, മെച്ചപ്പെടണമെന്നും തന്നെയാണ് ഇന്ത്യയും ആഗ്രഹിക്കുന്നത്,എന്നാൽ പാക്കിസ്ഥാൻ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളെയും പരിശോധിക്കേണ്ടതുണ്ടെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി.

ജമ്മു കശ്മീരില്‍ ഇപ്പോഴും ഭീകരവാദം വ്യാപിക്കുന്നുണ്ടെന്നുള്ളതാണ് വസ്തുത. സൈന്യവും, അര്‍ധസൈനിക വിഭാഗങ്ങളും, ജമ്മു കശ്മീര്‍ പൊലീസും ചേര്‍ന്ന് വളരെ ഫലപ്രദമായാണ് ഭീകരരെ നേരിടുന്നത്, ഈ പോരാട്ടം തുടരാന്‍ തന്നെയാണ് നമ്മുടെ തീരുമാനമെന്നും ജനറല്‍ റാവത്ത് വിശദീകരിച്ചു.

പാക്കിസ്ഥാൻ ഭീകരര്‍ക്കെതിരെ വ്യക്തമായ നടപടികൾ സ്വീകരിച്ചാൽ ബന്ധം ദൃഢപ്പെടുത്തുന്നതില്‍ ഇന്ത്യയ്ക്ക് സന്തോഷമേയുള്ളൂവെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാറും അറിയിച്ചിരുന്നു.

Top