പാക്കിസ്ഥാന്‍ ഇന്ത്യയെ തകര്‍ത്തുവിട്ടു ! പ്രശ്‌നങ്ങള്‍ ഒന്നിച്ചിരുന്നു പരിഹരിക്കാമെന്ന് ഇമ്രാന്‍ ഖാന്‍

കറാച്ചി: ട്വന്റി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ പരാജയപ്പെട്ടതിനു പിന്നാലെ പരിഹാസവുമായി പാക് ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാക്കിസ്ഥാന്‍ ഇന്ത്യയെ തകര്‍ത്തുവിട്ട സ്ഥിതിക്ക് ഇത് പ്രശ്‌നപരിഹാരത്തിന് ചര്‍ച്ച നടത്താന്‍ പറ്റിയ സമയമല്ലെന്ന് തനിക്കറിയാമെന്നായിരുന്നു ഇമ്രാന്റെ പരാമര്‍ശം.

കശ്മീര്‍ വിഷയം മാത്രമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ പ്രശ്‌നമെന്ന് ചൂണ്ടിക്കാട്ടി ഇമ്രാന്‍ ഖാന്‍, ആ പ്രശ്‌നം സംസ്‌കാരമുള്ള രണ്ട് അയല്‍ക്കാരെപ്പോലെ ഒന്നിച്ചിരുന്നു പരിഹരിക്കണമെന്നും അഭിപ്രായപ്പെട്ടു.

‘കശ്മീരിലെ മനുഷ്യാവകാശമാണ് പ്രധാന പ്രശ്‌നം. സ്വയം തിരഞ്ഞെടുപ്പിന് കശ്മീരിലെ ജനങ്ങള്‍ക്ക് 72 വര്‍ഷം മുന്‍പുതന്നെ ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ കൗണ്‍സില്‍ നല്‍കിയ ഉറപ്പുണ്ട്. ആ അവകാശം കശ്മീരിലെ ജനങ്ങള്‍ക്ക് ഉറപ്പാക്കിയാല്‍ മതി. ഞങ്ങള്‍ക്ക് മറ്റു പ്രശ്‌നങ്ങളൊന്നുമില്ല. ആധുനികകാലത്തെ സംസ്‌കാരമുള്ള അയല്‍ക്കാരെപ്പോലെ ഇന്ത്യയ്ക്കും പാക്കിസ്ഥാനും മുന്നോട്ടു പോകാവുന്നതേയുള്ളൂ. അത്തരമൊരു യോജിപ്പിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് ഒന്നു ചിന്തിച്ചു നോക്കൂ’ ഇമ്രാന്‍ ഖാന്‍ ചൂണ്ടിക്കാട്ടി.

‘ചൈനയുമായി പാക്കിസ്ഥാന് വളരെ സൗഹാര്‍ദ്ദപരമായ ബന്ധമുണ്ട്. പക്ഷേ, ഇന്ത്യയുമായുള്ള ബന്ധത്തില്‍ ചില പ്രശ്‌നങ്ങളുണ്ട്. കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ ഇന്ത്യയെ ലോകകപ്പ് പോരാട്ടത്തില്‍ തകര്‍ത്തുവിട്ട സ്ഥിതിക്ക് ഇത് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പറ്റിയ സമയമല്ലെന്ന് എനിക്കറിയാം’ – ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ട്വന്റി20 ലോകകപ്പില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പ്പിച്ചതിനു പിന്നാലെയാണ് ഇമ്രാന്‍ ഖാന്റെ പരാമര്‍ശം. ഏകദിന, ട്വന്റി20 ലോകകപ്പുകളുടെ ചരിത്രത്തിലാദ്യമാണ് പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കുന്നത്.

Top