ന്യൂഡല്‍ഹി : ഉറി ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും മുന്‍പ് ഇന്ത്യ കണ്ണുരുട്ടിയപ്പോള്‍ തന്നെ തകര്‍ന്നടിഞ്ഞ് പാക്കിസ്ഥാന്‍ ഓഹരി വിപണി.
ബുധനാഴ്ച കറാച്ചി സ്റ്റോക് എക്‌സ്‌ചേഞ്ച് 569 പോയിന്റ് ഇടിഞ്ഞ് 39,771 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ത്യ ഏത് നിമിഷവും ആക്രമിച്ചേക്കുമെന്ന ഭയപ്പാടാണ് വിപണിക്ക് തിരിച്ചടിയായത്.
യുഎന്നില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ ശക്തമായ നിലപാടു സ്വീകരിച്ചതും അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയതും പോര്‍വിമാനങ്ങളെയും കരസേനയെയുമടക്കും യുദ്ധസജ്ജമായി നില്‍ക്കുന്നതും ഏത് നിമിഷവും ആക്രമണം ഉണ്ടായേക്കാമെന്ന സാഹചര്യമാണ് ഇതിനകം തന്നെ ഉണ്ടാക്കിയിട്ടുള്ളത്.
ഇന്ത്യയുമായി സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന പ്രചാരണം വിപണിക്കു തിരിച്ചടിയായെന്ന് കറാച്ചി സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മുന്‍ ചെയര്‍മാന്‍ ആരിഫ് ഹാബിബ് പറഞ്ഞു.
ഉറിയിലെ കരസേനാ കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 18 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതോടെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷ സാധ്യത ഉടലെടുത്തത്. ഇന്ത്യയുടെ ആക്രമണം നേരിടാന്‍ പാക്ക് സൈന്യം തയാറെടുക്കുന്നതായി ചില പാക്കിസ്ഥാന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
യുദ്ധമുണ്ടായാല്‍ പാക്ക് വ്യോമസേനയ്ക്കു വിമാന ഇന്ധനലഭ്യത ഉറപ്പുവരുത്താനാന്‍ പ്രാദേശിക വിമാന സര്‍വീസുകള്‍ പലതും പാക്കിസ്ഥാന്‍ നിര്‍ത്തിവച്ചിരുന്നു. വ്യോമസേനാ വിമാനങ്ങള്‍ പരിശീലനപ്പറക്കല്‍ നടത്തുന്നുണ്ടെന്ന് ഒരു ഉന്നത സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പാക്ക് മാധ്യമം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇന്ത്യയുമായി ഒരു ഏറ്റുമുട്ടല്‍ ഉണ്ടായാല്‍ പാക്കിസ്ഥാന് വലിയ വില നല്‍കേണ്ടിവരുമെന്നാണ് നയതന്ത്രവിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. ചൈനയാണ് പ്രധാനമായും പാക്കിസ്ഥാന്റെ കൂടെയുള്ള പ്രമുഖ രാജ്യം. ഇന്ത്യക്കൊപ്പമാവട്ടെ അമേരിക്ക, റഷ്യ,ജപ്പാന്‍,ഫ്രാന്‍സ്, ഇംഗ്ലണ്ട്,ഇസ്രായേല്‍, ദക്ഷിണകൊറിയ തുടങ്ങി പ്രമുഖ രാജ്യങ്ങളുടെ ഒരു വന്‍നിര തന്നെ അണിനിരക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാടും നയതന്ത്രതലത്തിലെ ഇടപെടലുകളും ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ മതിപ്പ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ എന്നതും ഇന്ത്യക്ക് അനുകൂലമായ ഘടകമാണ്.