Pakistan supported Modi’s surgical strike against black money

ന്യൂഡല്‍ഹി: കള്ളപ്പണത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ പിന്‍തുണച്ച് പാക് ജനതയും.

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സര്‍ക്കാരിനെയും അഭിനന്ദിച്ച് പ്രമുഖ പാക് മാധ്യമമായ ‘ദ ഡോണ്‍’ പ്രസിദ്ധീകരിച്ച വാര്‍ത്തയോടാണ് പാക് ജനതയില്‍ നിന്ന് ഞെട്ടിക്കുന്ന പ്രതികരണം വന്നത്.

‘അതിഗംഭീരമാണീ നീക്കം ഇന്ത്യന്‍ പ്രധാനമന്ത്രിയില്‍ ആകൃഷ്ടനായി, ഇത്തരമൊരു നേതാവിനെയാണ് തങ്ങള്‍ക്ക് ആവശ്യം’ എന്നിങ്ങനെയാണ് വാര്‍ത്തക്ക് വന്ന പ്രതികരണങ്ങള്‍.

മോദി ഞങ്ങളുടെ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ എന്നുവരെ ആഗ്രഹിക്കുന്നു എന്ന കമന്റുകളും ഡോണിന്റെ വാര്‍ത്തക്ക് ചുവടെയുണ്ട്.

വൈകാതെ ഇന്ത്യ വികസിത രാജ്യമാകുമെന്നും മോദി ദീര്‍ഘദൃഷ്ടിയുള്ള നേതാവാണെന്നും കമന്റുകളില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

വലിയ പ്രത്യാഘാതമുണ്ടാക്കാവുന്ന ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ നീക്കം ചെയ്യാന്‍ ഡോണ്‍ വെബ്‌സൈറ്റിന്റെ അധികൃതര്‍ ഇതുവരെ ശ്രമിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

അതേസമയം നടപടിയെ വിമര്‍ശിച്ചും ചിലര്‍ രംഗത്ത് വന്നിട്ടുണ്ട്. കള്ളപ്പണം തടയാന്‍ എങ്ങിനെയാണ് ഈ നീക്കം സഹായിക്കുക ? വിദേശ രാജ്യങ്ങളിലാണ് കൂടുതല്‍ പണമുള്ളത് തുടങ്ങിയവയാണ് കുറ്റപ്പെടുത്തല്‍.

ഇതിനിടെ ലോകബാങ്ക് ഇന്ത്യന്‍ നടപടിയെ സ്വാഗതം ചെയ്ത് രംഗത്ത് വന്നതും ശ്രദ്ധേയമായി.

നോട്ടുകള്‍ പിന്‍വലിച്ച നടപടിയില്‍ കേന്ദ്രസര്‍ക്കാരിനെ അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) യും പിന്തുണച്ചിരുന്നു. അനധികൃത പണമൊഴുക്ക് തടയാനും അഴിമതിക്കെതിരേയും ഇന്ത്യ കൈക്കൊണ്ട നടപടികളെ പൂര്‍ണമായി പിന്തുണയ്ക്കുന്നതായി ഐഎംഎഫ് വക്താവ് ജെറി റൈസ് പറഞ്ഞിരുന്നു.

Top