ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരം നിര്‍ത്തിവച്ച് പാക്കിസ്ഥാന്‍; ഇന്ത്യന്‍ സ്ഥാനപതിയെ പുറത്താക്കി

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരം നിര്‍ത്തിവച്ചു. പാക്ക് ദേശീയ സുരക്ഷാ കൗണ്‍സിലിന്റേതാണ് തീരുമാനം. 370ാം അനുച്ഛേദത്തിലെ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന വ്യവസ്ഥകള്‍ ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെയാണിത്.

ഇതിനെത്തുടര്‍ന്ന് ഇസ്ലാമാബാദിലുള്ള ഇന്ത്യന്‍ സ്ഥാനപതിയെ പാക്കിസ്ഥാന്‍ തിരിച്ചയച്ചു.ഇന്ത്യയിലെ സ്ഥാനപതിയെ തിരിച്ചുവിളിക്കാനും പാക്കിസ്ഥാന്‍ തീരുമാനിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ പുതിയ പാക്ക് ഹൈക്കമ്മീഷണര്‍ ചുമതലയെടുക്കാന്‍ സാധ്യത കുറവാണ്. കശ്മീര്‍ വിഷയത്തില്‍ യു.എന്‍ സുരക്ഷാ കൗണ്‍സിലിനെ സമീപിക്കാനും പാക്കിസ്ഥാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം.

ഇമ്രാൻ ഖാന്റെ അധ്യക്ഷതയിൽ ചേർന്ന ദേശീയ സുരക്ഷാ സമിതിയുടെ യോഗത്തിനു ശേഷമാണ് കശ്മീർ വിഷയത്തിൽ സ്വീകരിക്കുന്ന നടപടികൾ പാക്കിസ്ഥാൻ വ്യക്തമാക്കിയത്. സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14–ന് കശ്മീരികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ദിനമായി ആചരിക്കാന്‍ യോഗത്തിൽ തീരുമാനിച്ചു. സൈനിക മേധാവികൾ ഉൾപ്പെടെയുള്ള ഉന്നതർ യോഗത്തിൽ പങ്കെടുത്തു.

Top