ഇസ്ലാമാബാദ്: സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ വിവേചനാധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലുമായി പാകിസ്ഥാൻ സർക്കാർ. ചൊവ്വാഴ്ച രാത്രി പാക് പാർലമെന്റിൽ നിയമമന്ത്രി അസം നസീർ തരാർ ബിൽ അവതരിപ്പിച്ചു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ സ്വമേധയാ കേസെടുക്കാനുള്ള അധികാരത്തെ രണ്ട് ജഡ്ജിമാർ ചോദ്യം ചെയ്തതിന് പിന്നാലെയാണ്, അധികാര പരിധി വെട്ടിക്കുറയ്ക്കുന്ന നിയമവുമായി സർക്കാർ രംഗത്തെത്തിയത്.
ബിൽ ക്യാബിനറ്റ് ചർച്ച ചെയ്തതിന് ശേഷമാണ് പാർലമെന്റിൽ അവതരിപ്പിച്ചത്. സുപ്രീംകോടതിക്ക് മുന്നിലുള്ള എല്ലാ കേസുകളിലും അപ്പീലുകളിലും ചീഫ് ജസ്റ്റിസും മുതിർന്ന രണ്ട് ജഡ്ജിമാരും അടങ്ങിയ ഒരു ബെഞ്ച് പരിഗണിക്കുകയും തീർപ്പാക്കുകയും ചെയ്യും.
സുപ്രീംകോടതി സ്വമേധയ കേസെടുത്ത് വിധി പറഞ്ഞ സംഭവങ്ങളിൽ 30 ദിവസത്തിനുള്ളിൽ പുനപ്പരിശോധന ഹർജി നൽകാനുള്ള അവസരം ഒരുക്കുമെന്നും ബില്ലിൽ പറയുന്നു.