യുണൈറ്റഡ് നേഷന്‍സ്: അതിര്‍ത്തിയിലെ ആക്രമണങ്ങളിലൂടെ ഇന്ത്യ വീണ്ടും പ്രകോപനങ്ങള്‍ ഉയര്‍ത്തിയാല്‍ സംയമനം പാലിക്കുന്നത് തുടരാന്‍ സാധിക്കില്ലെന്ന് ഐക്യരാഷ്ട്രസഭയില്‍ പാക് വക്താവ്. പാകിസ്താനിലെ യുന്‍ അംബാസിഡര്‍ മലീഹ ലോധിയാണ് കഴിഞ്ഞ ദിവസങ്ങളിലെ ഇന്ത്യയുടെ സൈനിക നടപടിക്കു ശേഷം വിഷയം യുഎന്‍സെക്യൂരിറ്റി കൗണ്‍സിലിനു മുന്നില്‍ ഉന്നയിച്ചത്.
ഇന്ത്യയുടെ പ്രകോപനങ്ങള്‍ക്കു മുന്നില്‍ പാകിസ്താന്‍ പരമാവധി നിയന്ത്രണ പാലിക്കുകയാണ്. എന്നാല്‍ ഇന്ത്യ ഇത് തുടര്‍ന്നാല്‍ പാകിസ്താന് സംയമനം തുടരാന്‍ സാധിക്കില്ലെന്നും ലോധി വ്യക്തമാക്കി. ഇതാണ് കാലങ്ങളായി ഇരു രാജ്യങ്ങളും തമ്മില്‍ തുടര്‍ന്നു പോകുന്ന സാമൂഹികാവസ്ഥ. ഇന്ത്യന്‍ പ്രകോപനത്തിന്റെ ഭാഗമായി അതിര്‍ത്തിയില്‍ ഏറെ അപകടകരമായ അവസ്ഥയാണുള്ളതെന്നും ലോധി വ്യക്തമാക്കി.
ഇന്ത്യന്‍ ആക്രമണത്തിന്റെ ഭാഗമായി പാകിസ്താനില്‍ ഇപ്പോഴുള്ള അപകടാവസ്ഥയാണ് താന്‍ ലോകരാഷ്ട്രങ്ങള്‍ക്ക് ചൂണ്ടിക്കാട്ടുന്നത്. മറ്റ് രാജ്യങ്ങളില്‍ ഇന്ത്യ സമാനമായ ആക്രമണം ആവര്‍ത്തിക്കുന്നതിന് മുന്‍പ് എല്ലാ മുന്‍കരുതലുകളും സ്വീകരിക്കാനുള്ള പാകിസ്താന്റെ നിര്‍ദ്ദേശമാണിതെന്നും ലോധി പറഞ്ഞു.
നിയന്ത്രണരേഖ മറികടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തെ അപലപിച്ച് പാകിസ്താന്‍ ശക്തമായി രംഗത്തെത്തിയിരുന്നു. സമാധാനം കാംക്ഷിക്കുന്നത് ബലഹീനതയായി കരുതരുതെന്നും പ്രകോപനും തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്നും ഇന്നലെ തന്നെ പാകിസ്താന്‍ വ്യക്തമാക്കി. ഇന്നലെ പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 38 ഭീകരരാണ് കൊല്ലപ്പെട്ടത്. രണ്ട് പാക് പട്ടാളക്കാരും കൊല്ലപ്പെട്ടു.