അധികാര വടം വലിയും രാഷ്ട്രീയ അസ്ഥിരതയും തുടരുന്ന പാകിസ്താൻ ഇന്ന് പുതിയ ജനവിധി തേടും. പാർലമെന്റിലേക്കും നാല് പ്രവശ്യ നിയമനിർമാണ സഭകളിലേക്കുമാണ് വോട്ടെടുപ്പ്. രാവിലെ എട്ടിന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകീട്ട് അഞ്ചുവരെ നീളും. ഇന്നലെ പാകിസ്താനിലെ പിഷിൻ ജില്ലയിൽ തെരഞ്ഞെടുപ്പ് ഓഫീസികളിലുണ്ടായ സ്ഫോടനത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു.
കടുത്ത രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുന്നതിനിടെയാണ് പാകിസ്താൻ ഇന്ന് പൊതു തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പാകിസ്താൻ മുസ്‍ലിം ലീഗ് പാർട്ടി നേതാവ് നവാസ് ശരീഫും പാകിസ്താൻ പീപ്ൾസ് പാർട്ടി നേതാവും ബേനസീർ ഭുട്ടോയുടെ മകനുമായ ബിലാവൽ ഭൂട്ടോ സർദാരിയും തമ്മിലാണ് പ്രധാന മത്സരം. ജയിലില്‍ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ മത്സര രംഗത്തില്ല. 13 കോടി വോട്ടർമാരാണ് 266 എം.പിമാരെ തെരഞ്ഞെടുക്കുന്നത്.
6.9 കോടി പുരുഷ വോട്ടർമാരും 5.9 കോടി സ്ത്രീവോട്ടർമാരുമാണുള്ളത്. ഏറ്റവും കൂടുതൽ യുവ വോട്ടർമാരുള്ളതും ഇക്കുറി. 167 അംഗീകൃത രാഷ്ട്രീയ പാർട്ടികളിലെ സ്ഥാനാർഥികളും സ്വതന്ത്രരുമായി 5121 പേരാണ് മത്സര രംഗത്തുള്ളത്. പഞ്ചാബ്, സിന്ധ്, ബലൂചിസ്താൻ, ഖൈബർ പഖ്തൂൻഖ്വ എന്നിവയാണ് വോട്ടെടുപ്പ് നടക്കുന്ന പ്രവിശ്യകൾ. മുൻപ്രധാനമന്ത്രി ഇംറാൻ ഖാന്റെ പാകിസ്താൻ തഹ്‍രികെ ഇൻസാഫ് പാർട്ടിക്ക് ഔദ്യോഗിക ചിഹ്നം ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. അതിനാൽ, സ്വതന്ത്രരായാണ് പാർട്ടിസ്ഥാനാർഥികൾ ജനവിധി തേടന്നത്.