ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ഭീകരര്‍ക്ക് നല്‍കി വരുന്ന പിന്തുണ ശരിവെച്ച് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് (എഫ്.എ.ടി.എഫ്).ഹാഫിസ് സയീദ് അടക്കമുള്ള ഭീകരര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതില്‍ പാക്കിസ്ഥാന്‍ പരാജയപ്പെട്ടുവെന്നും ഭീകര സംഘടനകളുടെ സാമ്പത്തിക സ്രോതസ് ഇല്ലാതാക്കാനുള്ള അന്താരാഷ്ട്ര കൂട്ടായ്മയായ എഫ്.എ.ടി.എഫ് വ്യക്തമാക്കി.
ഭീകര സംഘടനകളുടെ പട്ടികയില്‍ യു.എന്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ലഷ്‌കര്‍ ഇ-ത്വയ്ബ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയവയ്ക്കെതിരെ പാക്കിസ്ഥാന്‍ കാര്യക്ഷമമായ നടപടി സ്വീകരിച്ചിട്ടില്ലെന്നും എഫ്.എ.ടി.എഫ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതായി പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
ഭീകരവാദികള്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായം തടയുന്നതിനുവേണ്ടി നല്‍കിയ 40 ശുപാര്‍ശകളില്‍ ഒരെണ്ണം മാത്രമാണ് രാജ്യം നടപ്പിലാക്കിയിട്ടുള്ളതെന്നാണ് മറ്റൊരു വിമര്‍ശം. കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. ഇമ്രാന്‍ ഖാന്‍ ഭരണകൂടത്തിന് കനത്ത തിരിച്ചടിയാണ് റിപ്പോര്‍ട്ടിലെ പരാര്‍ശങ്ങള്‍. 40 ശുപാര്‍ശകളില്‍ ഒന്നുമാത്രം പൂര്‍ണമായി നടപ്പാക്കിയ പാക്കിസ്ഥാന്‍ 26 എണ്ണം ഭാഗികമായി നടപ്പാക്കിയെന്നും നാലെണ്ണം പൂര്‍ണമായും അവഗണിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ യു എന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തിന് ശക്തമായ മറുപടിയാണ് ഇത് സംബന്ധമായി ഇന്ത്യ നല്‍കിയിരുന്നത്. യു.എന്‍ പട്ടികയിലുള്ള 130 ഭീകരര്‍ പാക്ക് മണ്ണിലില്ലെന്ന് ഉറപ്പ് തരാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് സാധിക്കുമോയെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഫസ്റ്റ് സെക്രട്ടറി വിദിഷ മെയ്ത്ര യു എന്‍ പൊതുസഭയില്‍ ചോദിച്ചു.
തീവ്രവാദത്തെക്കുറിച്ചും മനുഷ്യാവകാശത്തെക്കുറിച്ചും ഇന്ത്യയെ പഠിപ്പിക്കാന്‍ പാക്കിസ്ഥാന് ഒരു അര്‍ഹതയുമില്ല. ഭീകരര്‍ക്ക് പെന്‍ഷന്‍ വരെ നല്‍കുന്ന രാജ്യമാണ് പാക്കിസ്ഥാന്‍. ഇമ്രാന്‍ ഖാന്‍ ഭീകരവാദികളെ ന്യായീകരിക്കുകയാണ് ചെയ്യുന്നതെന്നും മൈത്ര കുറ്റപ്പെടുത്തി. ഒസാമ ബിന്‍ലാദനെ വരെ ന്യായീകരിക്കുന്ന വ്യക്തിയാണ് ഇമ്രാന്‍ ഖാനെന്നും കശ്മീരില്‍ വികസന പ്രവര്‍ത്തനങ്ങളുമായി ഇന്ത്യ മുന്നോട്ട് പോവുകയാണെന്നും മൈത്ര തുറന്നടിച്ചിരുന്നു.
ഭീകരര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ പാക്കിസ്ഥാനെ ഇനിയും ഗ്രേ ലിസ്റ്റില്‍തന്നെ നിലനിര്‍ത്താന്‍ ഒക്ടോബര്‍ 13 മുതല്‍ 18 വരെ പാരീസില്‍ ചേരുന്ന എഫ്.എ.ടി.എഫ് പ്ലീനറി സമ്മേളനം തീരുമാനമെടുത്തേക്കും. ഭീകരരുടെ സാമ്പത്തിക സ്രോതസുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാത്തപക്ഷം പാക്കിസ്ഥാന് പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് എഫ്.എ.ടി.എഫ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പാക്കിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന മുന്നറിയിപ്പും നേരത്തെ നല്‍കിയിരുന്നു.