ജയ്പുര്‍: പാക്കിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ രണ്ടുപേരെ രാജസ്ഥാന്‍ രഹസ്യാന്വേഷണ പൊലീസ് അറസ്റ്റു ചെയ്തു. ബിക്കാനീറിലെ മഹാജന്‍ ഫീല്‍ഡ് ഫയറിങ് റേഞ്ചില്‍ ജോലി ചെയ്യുന്ന ചിമന്‍ലാല്‍ നായക്, ഗംഗാനഗറിലെ ഫീല്‍ഡ് അമ്യൂണിഷന്‍ ഡിപ്പോയിലെ ജീവനക്കാരനായ വികാസ് തിലോത്തിയ എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യ വിവരങ്ങള്‍ ഇവര്‍ പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗത്തിനു വാട്‌സാപ്പിലൂടെയും മറ്റു സമൂഹമാധ്യമങ്ങളിലൂടെയും കൈമാറിയതായും പണം കൈപ്പറ്റിയതായും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ജയ്പൂരിലെത്തിച്ച ഇവരെ കൂടുതല്‍ ചോദ്യം ചെയ്തുവരുന്നു. മിലിറ്ററി ഇന്റലിജന്‍സ് വിഭാഗം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.