ന്യൂഡല്‍ഹി: കശ്മീരിലെ നിയന്ത്രണരേഖയില്‍ 2015 – 2016 വര്‍ഷങ്ങളില്‍ ദിവസവും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ആഭ്യന്തര മന്ത്രാലയം.
രണ്ട് വര്‍ഷത്തിനുള്ളില്‍ പാക് ആക്രമണത്തില്‍ 23 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായും വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.
2012 – 2016ല്‍ കശ്മീരില്‍ ഉണ്ടായ 1,142 ഭീകരാക്രമണങ്ങളില്‍ 236 സുരക്ഷാ ഉദ്യോഗസ്ഥരും 90 സാധാരണക്കാരും കൊല്ലപ്പെട്ടു. ഇതേ കാലയളവില്‍ സൈനിക ഏറ്റുമുട്ടലുകളില്‍ 507ഭീകരര്‍ കൊല്ലപ്പെട്ടതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
2016ല്‍ 449ഉം 2015ല്‍ 405ഉം തവണ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. 2012 ല്‍ 220 ഭീകരാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2016ല്‍ ഇത് 322 ആക്രമങ്ങളായി ഉയരുകയും 82സുരക്ഷ ഉദ്യോഗസ്ഥരും 15സാധാരണക്കാരും കൊല്ലപ്പെടുകയും ചെയ്തു. 2014 ല്‍ 47 സുരക്ഷാ ഉദ്യോഗസ്ഥരും 28 സാധാരണക്കാരും 110 ഭീകരരും കൊല്ലപ്പെട്ടു.
2015ല്‍ 208 ഭീകരാക്രമണങ്ങളില്‍ 39 സുരക്ഷാ ഉദ്യോഗസ്ഥരും 17സാധാരണക്കാരും 108ഭീകരരും കൊല്ലപ്പെട്ടതായി ആഭ്യന്തരമന്ത്രാലയം പറയുന്നു.
ഭീകരരെ സൈന്യം വളയുമ്പോള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ആ സന്ദേശം വ്യാപിക്കുന്നുവെന്ന് മേജര്‍ ജനറല്‍ (റിട്ട.) ജി.ഡി ബക്ഷി പറഞ്ഞു. സന്ദേശം പരക്കുന്നതോടെ സമീപവാസികള്‍ പ്രദേശത്ത് തടിച്ചുകൂടി പ്രതിരോധ പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കുന്നുതായും മേജര്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു.