ന്യൂഡല്‍ഹി: കശ്മീരിലെ അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതായി റിപ്പോര്‍ട്ട്. നൗഷീരയിലെ കല്‍സ്യാന്‍ മേഖലയില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് വെടിവെപ്പുണ്ടായത്. ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്ത പാക് സൈനികര്‍ക്കുനേരെ ഇന്ത്യന്‍ സേനയും തിരിച്ചടിച്ചു.
വെടിവെപ്പില്‍ എന്തെങ്കിലും നാശനഷ്ടമുണ്ടായതായി വ്യക്തമല്ല. കഴിഞ്ഞ ദിവസം അതിര്‍ത്തിയില്‍ ഏഴു സ്ഥലങ്ങളില്‍ പാക് വെടിവെപ്പുണ്ടായിരുന്നു
ഇന്നലെ പൂഞ്ച് സെക്ടറിലെ വെടിവെപ്പില്‍ നാല് സ്ത്രീകളുള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സൈനിക പോസ്റ്റിലെ ഒരു ഡീസല്‍ ടാങ്ക് ഷെല്‍ പൊട്ടി തീ പിടിച്ചതിനെത്തുടര്‍ന്ന് നിരവധി കടകള്‍ക്കും തീ പിടിച്ചു. പാക് അധിനിവേശ കശ്മീരിലെ തീവ്രവാദി ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയ ശേഷം ഇരുസേനകളും തമ്മില്‍ രൂക്ഷമായ വെടിവെപ്പാണ് അതിര്‍ത്തിയില്‍ നടക്കുന്നത്.
അതേസമയം ഇന്ത്യയുമായി ചര്‍ച്ചക്ക് തയാറാണെന്ന് അറിയിച്ച് പാക് ഹൈകമീഷണര്‍ അബ്ദുല്‍ ബാസിത് രംഗത്തെത്തിയിട്ടുണ്ട്.