pakistan-violates-ceasefire-in-jammu’s-rs-pura-6-civilians-injured

ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു. ആര്‍എസ് പുര സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ പാക് വെടിവയ്പുണ്ടായത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. പാക് ഷെല്ലാക്രമണത്തില്‍ ആറു ഇന്ത്യന്‍ ഗ്രാമീണര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.

ബുധനാഴ്ച വൈകിട്ട് പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് ജവാനു പരിക്കേറ്റിരുന്നു. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായ എ.കെ.ഉപാധ്യായയ്ക്കാണു ഷെല്ലാക്രമണത്തില്‍ പരിക്കേറ്റത്.

അതേസമയം, ഇന്ത്യയാണ് കരാര്‍ ലംഘിച്ചതെന്നാണ് പാക് ആരോപണം. ഇന്ത്യന്‍ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടതായും ഒമ്പതു പേര്‍ക്ക് പരിക്കേറ്റതായും പാക് വിദേശകാര്യ ഓഫീസ് ആരോപിച്ചു.

നേരത്തെ ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് 27 പാക്ക് സൈനിക പോസ്റ്റുകളും 18 നിരീക്ഷണ കേന്ദ്രങ്ങളും തകര്‍ത്തതായി അതിര്‍ത്തി രക്ഷാ സേന അറിയിച്ചിരുന്നു.

അതിര്‍ത്തിയില്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിച്ച പാക്ക് സൈന്യത്തിന് നല്‍കിയ തിരിച്ചടിയില്‍ കുറഞ്ഞത് ഏഴ് പാക്ക് റേഞ്ചേഴേസ് സൈനികരെങ്കിലും കൊല്ലപ്പെട്ടതായും ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റതായും ബിഎസ്എഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു.

ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് വിളിച്ചുചേര്‍ത്ത സുരക്ഷാ അവലോകന യോഗത്തിലാണ് ബിഎസ്എഫ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.

Top