ചൈനക്ക് പുറമെ റഷ്യയുമായും ആയുധ ഇടപാട് നടത്താൻ പാക്കിസ്ഥാന്റെ നീക്കം !

Pakistan ,Russia and China

ഇസ്ലാമാബാദ് : തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കിയ അമേരിക്കയ്ക്ക് തിരിച്ചടി നൽകി പാക്കിസ്ഥാന്റെ പുതിയ നീക്കം. രാജ്യത്തിൻറെ സൈനിക ശക്തി വർധിപ്പിക്കാൻ ചൈന-റഷ്യ എന്നി രാജ്യങ്ങളിൽ നിന്ന് പാക്കിസ്ഥാൻ സൈനിക സഹായങ്ങൾ സ്വീകരിക്കാനൊരുങ്ങുന്നു.

അമേരിക്ക നൽകുന്ന സൈനിക സഹായങ്ങൾ നിർത്തലാക്കിയതിന് ശേഷമാണ് പാക്കിസ്ഥന്റെ ഈ പുതിയ നടപടി. അമേരിക്കയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം നിലവിൽ വഷളായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പാക്കിസ്ഥാന്റെ പുതിയ നീക്കം പ്രശ്നങ്ങൾ കൂടുതൽ സമർദ്ദത്തിലാക്കും.

ഞായറാഴ്ച ഫിനാൻഷ്യൽ ടൈംസ് പുറത്തിറക്കിയ അഭിമുഖത്തിലാണ് പാക്കിസ്ഥാൻ പ്രതിരോധമന്ത്രി ഖുറാം ദാസ്ഗിർ ഖാൻ ഈ കാര്യം വ്യക്തമാക്കിയത്. പാക്കിസ്ഥാൻ ഇപ്പോൾ വിദേശ-സുരക്ഷാ നയം നടപ്പാക്കാനൊരുങ്ങുകയാണെന്നും അതിന്റെ ഭാഗമായി ചൈന-റഷ്യ എന്നി രാജ്യങ്ങളിൽ നിന്ന് സൈനിക സഹായങ്ങൾ വാങ്ങാൻ തീരുമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

റഷ്യയുമായുള്ള ബന്ധം ഊട്ടിയുറപ്പിച്ചെടുക്കാനും, ചൈനയുമായുള്ള ബന്ധം ആഴത്തിൽ വളർത്താനുമാണ് ഈ നീക്കമെന്നും , അമേരിക്ക ചെയ്യുന്ന കാര്യങ്ങളോടുള്ള പ്രതികരണമാണ് ഈ നിലപടുകൾക്ക് കാരണമെന്നും പ്രതിരോധമന്ത്രി കൂട്ടിച്ചേർത്തു. ബലൂചിസ്ഥാനിലെ ഗ്വാദാർ തുറമുഖത്തിനടുത്ത് നാവികത്താവളം നിർമ്മിക്കുമെന്ന് ബെയ്ജിംഗ് വെളിപ്പെടുത്തിയതിന് ശേഷമാണ് പാക്കിസ്ഥാനും പുതിയ നിലപാട് അറിയിച്ചിരിക്കുന്നത്.

ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പാക്കിസ്ഥാന്‍ നേതൃത്വം നല്‍കുന്നുവെന്നാരോപിച്ചാണ് അമേരിക്ക സൈനിക സഹായം നിര്‍ത്തിവെച്ചത്. പാക്കിസ്ഥാന്‍ അമേരിക്കയെ വിഡ്ഢികളാക്കുകയാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. അഫ്ഗാനിസ്ഥാനില്‍ ഭീകരര്‍ക്കെതിരെ അമേരിക്ക പോരാടുബോൾ ഭീകരരുടെ സുരക്ഷിത താവളമായി പാക്കിസ്ഥാന്‍ മാറുകയായിരുന്നുവെന്നും ഇനിയും ഇത് അനുവദിക്കാനാകില്ലെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇന്ത്യയുടെ എക്കാലത്തെയും അടുത്ത ആയുധ പങ്കാളിയായ റഷ്യയെ കൂടെ കൂട്ടാൻ നടത്തുന്ന പാക്ക് നീക്കം പാളുമെന്നാണ് നയതന്ത വിദഗ്ദരുടെ അഭിപ്രായം. ഇന്ത്യയെ പിണക്കിയുള്ള ഒരു ഇടപാടിനും റഷ്യ നിൽക്കാൻ സാധ്യതയില്ലന്നും അവർ ചൂണ്ടിക്കാട്ടുന്നു

Top