ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റിൽ പാകിസ്ഥാന് ജയം

ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ പാകിസ്ഥാന് അവിസ്മരണീയ ജയം. 4 വിക്കറ്റിനാണ് പാകിസ്ഥാൻ വിജയം സ്വന്തമാക്കിയത്. 342 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിൽ കളത്തിലിറങ്ങിയ പാകിസ്ഥാൻ 6 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. റെക്കോർഡ് റൺ ചേസിനൊടുവിലാണ് പാകിസ്താൻ വിജയത്തിലെത്തിയത്. ഓപ്പണർ അബ്ദുള്ള ഷഫീഖ് 160 റൺസുമായി മുന്നിൽ നിന്ന് നയിച്ചപ്പോൾ ബാബർ അസം (55), മുഹമ്മദ് റിസ്‌വാൻ (40) എന്നിവരും പാകിസ്ഥാനു വേണ്ടി തിളങ്ങി.

ശ്രീലങ്ക ആദ്യ ഇന്നിംഗ്സിൽ നേടിയത് 222 റൺസ്. ദിനേഷ് ഛണ്ഡിമലാണ് (76) ടോപ്പ് സ്കോററായത്. പാകിസ്ഥാനു വേണ്ടി ഷഹീൻ അഫ്രീദി 4 വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിൽ 7 വിക്കറ്റ് നഷ്ടത്തിൽ 85 റൺസ്, 9 വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് എന്ന നിലയിൽ പതറിയ പാകിസ്താനെ ക്യാപ്റ്റൻ ബാബർ അസമിൻ്റെ ബാറ്റിംഗാണ് കരകയറ്റിയത്. പാകിസ്ഥാൻ 218 റൺസെടുത്ത് ഓൾഔട്ടായി. അവസാന വിക്കറ്റിൽ നസീം ഷായുമൊത്ത് 70 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ബാബർ 119 റൺസെടുത്ത് പുറത്താവുകയായിരുന്നു. പ്രഭാത് ജയസൂര്യ ശ്രീലങ്കക്കായി 5 വിക്കറ്റ് വീഴ്ത്തി.

Top