ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ പാകിസ്ഥാന് ജയം

ഹൈദരാബാദ്: ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ പാകിസ്ഥാന് വമ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത് 49 ഓവറില്‍ 286 റണ്‍സിന് ഓള്‍ ഔട്ടായെങ്കിലും നെതര്‍ലന്‍ഡ്സിനെ 41 റണ്‍സില്‍ 205 റണ്‍സില്‍ എറിഞ്ഞൊതുക്കി പാകിസ്ഥാന്‍ 81 റണ്‍സിന്റെ വമ്പന്‍ ജയവുമായി ലോകകപ്പ് പോരാട്ടം തുടങ്ങി.അര്‍ധ സെഞ്ചുറികള്‍ നേടിയ ഓപ്പണർ വിക്രംജിത് സിങും ബാസ് ഡി ലീഡുമൊഴികെ മറ്റാരും ഓറഞ്ച് പടയില്‍ പൊരുതാതിരുന്നതോടെ പാകിസ്ഥാന് ജയം എളുപ്പമായി. സ്കോര്‍ പാകിസ്ഥാന്‍ 49 ഓവറില്‍ 286ന് ഓള്‍ ഔട്ട്, നെതര്‍ലന്‍ഡ്സ് 41 ഓവറില്‍ 205ന് ഓള്‍ ഔട്ട്. മൂന്ന് വിക്കറ്റെടുത്ത ഹാരിസ് റൗഫും രണ്ട് വിക്കറ്റെടുത്ത ഹസന്‍ അലിയുമാണ് പാകിസ്ഥാനുവേണ്ടി ബൗളിംഗില്‍ തിളങ്ങിയത്

സ്കോര്‍ ബോര്‍ഡ് സൂചിപ്പിക്കും പോലെ അനായാസമായിരുന്നില്ല പാകിസ്ഥാന്റെ ജയം. ബാറ്റിംഗിനിറങ്ങിയപ്പോള്‍ തുടക്കത്തില്‍ 38-3ലേക്ക് കൂപ്പുകുത്തിയ പാകിസ്ഥാനെ മുഹമ്മദ് റിസ്‌വാന്റെയും(68), സൗദ് ഷക്കീലിന്റെയും(68) അര്‍ധസെഞ്ചുറികളും മുഹമ്മദ് നവാസിന്റെയും(39), ഷദാബ് ഖാന്റെയും(32) പോരാട്ടവുമാണ് 286ല്‍ എത്തിച്ചത്. താളം കണ്ടെത്താന്‍ പാടുപെട്ട ക്യാപ്റ്റന്‍ ബാബര്‍ അസം 18 പന്തില്‍ അഞ്ച് റണ്‍സെടുത്ത് മടങ്ങി. നാലു വിക്കറ്റുമായി പാകിസ്ഥാനെ 50 ഓവറിനുള്ളില്‍ എറിഞ്ഞിടാന്‍ നേതൃത്വം നല്‍കിയതാകട്ടെ ബാസ് ഡി ലീഡായിരുന്നു.

മറുപടി ബാറ്റിംഗില്‍ തുടക്കത്തില്‍ മാക്സ് ഒഡോഡിനെും(5) അധികം സ്കോര്‍ 50ലെത്തിയതിന് പിന്നാലെ അക്കര്‍മാനെയും(17) നഷ്ടമായെങ്കിലും ബാസ് ഡി ലീഡും വിക്രംജിത് സിങും ക്രീസില്‍ നിന്നപ്പോള്‍ നെതര്‍ലന്‍ഡ്സ് അട്ടിമറി ഭീഷണി ഉയര്‍ത്തി. ഇരുവരും ചേര്‍ന്ന് ഓറഞ്ച് പടയെ 22-ാം ഓവറില്‍ 120ല്‍ എത്തിച്ചു. അര്‍ധസെഞ്ചുറി പിന്നിട്ടതിന് പിന്നാലെ വിക്രംജിത് സിങിനെ(52) പുറത്താക്കിയ ഷദാബ് ഖാനാണ് പാകിസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

മറുവശത്ത് വിക്കറ്റുകള്‍ പൊഴിയുമ്പോഴും തകര്‍ത്തടിച്ച ബാസ് ഡി ലീഡ്(68 പന്തില്‍ 67) പാകിസ്ഥാന് തലവേദനയായെങ്കിലും പിന്തുണക്കാന്‍ ആരുമില്ലാതെ പോയത് ഓറഞ്ച് വീര്യം കെടുത്തി. വാലറ്റത്ത് ലോഗന്‍ വാന്‍ ബീക്ക്(28*) നടത്തിയ പോരാട്ടം നെതര്‍ലന്‍ഡ്സിന്റെ തോല്‍വിഭാരം കുറച്ചു. പാകിസ്ഥാനുവേണ്ടി ഹാരിസ് റൗഫ് മൂന്നും ഹസന്‍ അലി രണ്ടും വീക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷഹീന്‍ അഫ്രീദി, ഷദാബ് ഖാന്‍, ഇഫ്തിഖര്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Top