ലാഹോര്‍: പാകിസ്താനില്‍ യുവതിയെ മക്കളുടെ കണ്‍മുന്നില്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ കേസില്‍ രണ്ട് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു. ലാഹോര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് 14 വര്‍ഷത്തെ ജീവപര്യന്തം തടവും അനുഭവിക്കണമെന്ന് ജഡ്ജി ഉത്തരവിട്ടു. ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും നിര്‍ദേശമുണ്ട്. കഴിഞ്ഞവര്‍ഷം സപ്തംബറിലാണ് കേസിനാസ്പദമായ സംഭവം. പാകിസ്താന്‍ കിഴക്കന്‍ പ്രവിശ്യയിലെ ദേശീയപാതയ്ക്ക് സമീപമാണ് യുവതി ബലാല്‍സംഗത്തിനിരയായത്.
രണ്ട് മക്കളുമായി കാറില്‍ പോവുകയായിരുന്ന യുവതി ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്ന് വഴിയില്‍ കുടുങ്ങി. ഇതുവഴി പോവുകയായിരുന്ന ആബിദ് മാല്‍ഹി, ഷഫ്ഖാത് ഹുസൈന്‍ എന്നിവര്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. കാറിന്റെ ഡോര്‍ ലോക്ക് ചെയ്ത് അകത്തിരുന്ന യുവതിയെ ചില്ലുകള്‍ തകര്‍ത്ത് പുറത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പ്രതികള്‍ ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നാണ് കേസ്. സ്ഥലത്തു നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് ഇവര്‍ യുവതിയുടെ പണവും ആഭരണങ്ങളും ബാങ്ക് കാര്‍ഡുകളും മോഷ്ടിച്ചു.
മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ദിവസങ്ങള്‍ക്കു ശേഷം പ്രതികളെ അറസ്റ്റു ചെയ്തത്. തുടര്‍ന്ന് പിടിയിലായ പ്രതികള്‍ക്കെതിരേ കൂട്ടബലാല്‍സംഗം, തട്ടിക്കൊണ്ടുപോവല്‍, കവര്‍ച്ച തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡിലും ജഡ്ജിയുടെ മുന്നില്‍ മൊഴി രേഖപ്പെടുത്തുന്നതിനിടെ ഇര രണ്ടുതവണ പ്രതികളെ തിരിച്ചറിഞ്ഞിരുന്നതായി പ്രോസിക്യൂട്ടര്‍ വഖാര്‍ ഭട്ടി അറിയിച്ചു. ഇവര്‍ക്കെതിരേ കടുത്ത നടപടിയണ്ടാവണമെന്നാവശ്യപ്പെട്ട് പാകിസ്താനില്‍ വലിയ പ്രക്ഷോഭമാണ് അരങ്ങേറിയത്. പാകിസ്താനില്‍ നിയമപരിഷ്‌കാരങ്ങള്‍ വരുത്തണമെന്നും സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്നുമാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി.