കിവീസിനെതിരെ കൂറ്റൻ സ്കോർ പിന്തുടർന്ന പാക്കിസ്ഥാന് രണ്ടാം ഏകദിനത്തിലും ജയം

റാവല്‍പിണ്ടി: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിലും പാക്കിസ്താന് ജയം. റാവല്‍പിണ്ടിയില്‍ നടന്ന രണ്ടാം ഏകദിനം ഏഴ് വിക്കറ്റിനാണ് പാക്കിസ്താന്‍ ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സാണ് നേടിയത്. ഡാരില്‍ മിച്ചല്‍ (129), ടോം ലാതം (98) എന്നിവരുടെ ഇന്നിംഗ്‌സാണ് ന്യൂസിലന്‍ഡിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഫഖര്‍ സമാന്‍ (180) പുറത്താവാതെ നിന്നപ്പോള്‍ പാക്കിസ്താന്‍ 48.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

ഇമാം ഉള്‍ ഹഖ് (24)- ഫഖര്‍ സഖ്യം മികച്ച തുടക്കമാണ് ആതിഥേയര്‍ക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 66 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഇമാമിനെ പുറത്താക്കി മാറ്റ് ഹെന്റി ന്യൂസിലന്‍ഡിന് ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് ക്രീസിലെത്തിയത് ബാബര്‍ അസം (65). ഫഖറിനൊപ്പം കൂടിചേര്‍ന്ന ബാബര്‍ 145 റണ്‍സ് ടോട്ടലിനൊപ്പം ചേര്‍ത്തു.

66 പന്തില്‍ ഒരു സിക്‌സും അഞ്ച് ഫോറും നേടിയ ബാബറിനെ ഇഷ് സോധി പുറത്താക്കി. അബ്ദുള്ള ഷെഫീഖ് (7) പെട്ടന്ന് മടങ്ങിയെങ്കിലും മുഹമ്മദ് റിസ്‌വാന്‍ (54) പിടിച്ചുനിന്നതോടെ പാക്കിസ്താന് അനായാസജയം സ്വന്തമാക്കി. ഫഖര്‍ പുറത്താവാതെ നിന്നു. ആറ് സിക്‌സും 17 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഫഖറിന്റെ ഇന്നിംഗ്‌സ്. നേരത്തെ, ഡാരില്‍ മിച്ചലിന്റെ തുടര്‍ച്ചയായ രണ്ടാം ഏകദിന സെഞ്ചുറിയാണ് ന്യൂസിലന്‍ഡിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.

119 പന്തുകള്‍ നേരിട്ട ഡാരില്‍ മിച്ചല്‍ മൂന്ന് സിക്‌സിന്റേയും എട്ട് ഫോറുകളുടേയും സഹായത്തോടെയാണ് 129 റണ്‍സെടുത്തത്. കഴിഞ്ഞ ഏകദിനത്തിലും ഡാരില്‍ സെഞ്ചുറി നേടിയിരുന്നു. ക്യാപ്റ്റന്‍ ലാതവും ന്യൂസിലന്‍ഡ് നിരയില്‍ തിളങ്ങി. ചാഡ് ബൗസ് 51 റണ്‍സെടുത്തു. വില്‍ യംഗ് (19), മാര്‍ക് ചാപ്മാന്‍ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഹെന്റി നിക്കോള്‍സ് (6), ജെയിംസ് നീഷം (17) പുറത്താവാതെ നിന്നു.

Top