ന്യൂഡല്‍ഹി: സമാധാനവും സൗഹൃദവും ഊട്ടിയുറപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാകിസ്ഥാനി പെണ്‍കുട്ടിയുടെ കത്ത്.
ലാഹോറിലെ കതീഡ്രല്‍ സ്‌കൂളിലെ അഞ്ചാം ക്‌ളാസ്സുകാരിയായ അഖീദത്ത് നവീദാണ് കത്തെഴുതിയത്.
യുപി തിരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയ മോദിയെ അഭിനന്ദിക്കുന്ന കത്തില്‍ ഭാവിയില്‍ കൂടുതല്‍ തിരഞ്ഞെടുപ്പ് വിജയങ്ങളുണ്ടാകട്ടെയെന്നും ആശംസിക്കുന്നുണ്ട്.
ജനങ്ങളുടെ ഹൃദയം കവരുകയെന്നത് വിസ്മയകരമാണെന്ന് എന്റെ പിതാവ് എന്നോട് പറഞ്ഞിട്ടുണ്ട്. താങ്കള്‍ ഇന്ത്യാക്കാരുടെ ഹൃദയം കവര്‍ന്നിട്ടുണ്ട്. അതു കൊണ്ടാണ് യുപി തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. എന്നാല്‍ മുഴുവന്‍ ഇന്ത്യക്കാരുടേയും പാകിസ്താനികളുടേയും ഹൃദയം കവരണമെങ്കില്‍ സൗഹൃദവും സമാധാനവും ഊട്ടിയുറപ്പിക്കേണ്ടതുണ്ട്. ഇരു രാജ്യങ്ങളും തമ്മില്‍ നല്ല ബന്ധമുണ്ടാക്കേണ്ടത് അത്യാവശ്യമാണ്. ഇരു രാജ്യങ്ങളും തമ്മില്‍ സമാധാനത്തിന്റെ പാലം പണിയണം. പാക്, ഇന്ത്യന്‍ സര്‍ക്കാരുകള്‍ വെടിയുണ്ടകള്‍ക്ക് പകരം പുസ്തങ്ങള്‍ വാങ്ങണം. ആയുധങ്ങള്‍ വാങ്ങുന്ന പണം ഉപയോഗിച്ച് പാവപ്പെട്ടവര്‍ക്കായി മരുന്ന് നല്‍കണം. അഖീദത്ത് കത്തില്‍ പറയുന്നു.
ലാഹോറിലെ നാഷണല്‍ കോളേജ് ഓഫ് ആര്‍ട്‌സിലെ അസി.പ്രൊഫസറായ അഹമ്മദ് നവീദിന്റെ മകളാണ് അഖീദത്ത്.
രണ്ടു പേജുകളിലായി മാര്‍ച്ച് 13നാണ് അഖീദത്ത് സ്വന്തം കൈപ്പടയില്‍ കത്ത് എഴുതിയിരിക്കുന്നത്. സമാധാനവും സഹിഷ്ണുതയും ആവശ്യപ്പെട്ട് നിരവധി ലോകനേതാക്കള്‍ക്ക് അഖീദത്ത് ഇതിന് മുമ്പും കത്തെഴുതിയിട്ടുണ്ട്.
അടുത്തിടെ അഖീദത്തും സഹോദരന്‍ മൗറിഖ് നവീദും പാക് സൈനിക തലവനായ ഖമര്‍ ജാവേദ് ബജ്വയെ അഭിനന്ദിച്ച് എഴുതിയ കത്തും വലിയ വാര്‍ത്തയായിരുന്നു. ഭീകര സംഘടനക്കെതിരെ നടത്തിയ സൈനിക നീക്കത്തെ അഭിനന്ദിച്ചുകൊണ്ടായിരുന്നു ആ കത്ത്.സമാധാനത്തിനെക്കുറിച്ചുള്ള പാഠ്യപദ്ധതിയുടെ ഭാഗമായി മൗറീഖാണ് ആദ്യം കത്തുകളയച്ച് തുടങ്ങിയത്. പിന്നീട് ഇത് അഖീദത്തും പിന്തുടരുകയായിരുന്നു.
അഖീദത്തിന് ഡല്‍ഹിയും താജ്മഹലും കാണാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ അതിന് തടസ്സങ്ങള്‍ ഏറെയാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലമാബാദിലെ ഇന്ത്യന്‍ അംബാസിഡര്‍ക്കും അഖീദത്ത് കത്തെഴുതിയിരുന്നു.അദ്ദേഹം അതിന് മറുപടി നല്‍കുകയും ചെയ്തു. 2016ലെ നോബേല്‍ സമ്മാന ജേതാവായ കൊളംബിയന്‍ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസ്, സുഷമ സ്വരാജ്, പ്രണബ് മുഖര്‍ജി തുടങ്ങിയ നേതാക്കല്‍ നിന്നടക്കം അഖീദത്ത് അഭിനന്ദനം ഏറ്റുവാങ്ങിയിട്ടുണ്ട്.