ഇന്ത്യക്കാരനെ സഹായിച്ചതിന് തട്ടിക്കൊണ്ടുപോയ പാക്ക് മാധ്യമപ്രവര്‍ത്തകയെ മോചിപ്പിച്ചു

ലാഹോര്‍: പാക്ക് ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരനെ സഹായിച്ചതിനെ തുടര്‍ന്ന് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ പാക്ക് മാധ്യമപ്രവര്‍ത്തകയെ കണ്ടെത്തി.

ഡെയ്‌ലി നയ് ഖാബെര്‍, മെട്രോ ന്യൂസ് തുടങ്ങിയ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചിരുന്ന സീനത്ത് ഷഹ്‌സാദി (26)നെയാണു മോചിപ്പിച്ചത്.

2015 ഓഗസ്റ്റ് 19ന് ജോലി സ്ഥലത്തുനിന്ന് വീട്ടിലേക്കു ഓട്ടോറിക്ഷയില്‍ പോകുമ്പോഴാണ് ഒരു സംഘമാളുകള്‍ സീനത്തിനെ തട്ടിക്കൊണ്ടുപോയത്.

പാക്ക് – അഫ്ഗാന്‍ അതിര്‍ത്തിക്കു സമീപത്തു നിന്നാണ് സീനത്ത് ഷഹ്‌സാദിയെ കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.

ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട യുവതിയെ കാണാന്‍ പാക്കിസ്ഥാനിലെത്തിയ ഹമീദ് അന്‍സാരിയെന്ന ഇന്ത്യക്കാരനെയാണ് സീനത്ത് ഷഹ്‌സാദി സഹായിക്കാന്‍ ശ്രമിച്ചത്.

രണ്ടുവര്‍ഷം മുന്‍പ് ഹമീദ് അന്‍സാരിയുടെ മാതാവ് ഫൗസിയയ്ക്കു വേണ്ടി പാക്ക് സുപ്രീം കോടതിയുടെ മനുഷ്യാവകാശ വിഭാഗത്തിന് സീനത്ത് ഷഹ്‌സാദി അപേക്ഷ നല്‍കിയിരുന്നു.

കൂടാതെ പെഷാവര്‍ ഹൈക്കോടതിയേയും സമീപിച്ചിരുന്നു.

2012ലാണ് മുംബൈ സ്വദേശിയായ എഞ്ചനീയര്‍ ഹമീദ് അന്‍സാരി പാക്കിസ്ഥാനില്‍ എത്തുന്നത്. ഇവിടെവച്ച് പാക്ക് പൊലീസിന്റെ പിടിയിലായ അന്‍സാരിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതിനെതിരെ ഒട്ടേറെ ഭീഷണികളും സീനത്ത് ഷഹ്‌സാദിനു നേരിടേണ്ടിവന്നിരുന്നു.

പിന്മാറാന്‍ വീട്ടുകാരടക്കം ആവശ്യപ്പെട്ടെങ്കിലും മനുഷ്യത്വപരമെന്നു വ്യക്തമാക്കിയാണ് സീനത്ത് ഷഹ്‌സാദ്, അന്‍സാരിക്കു വേണ്ടി പോരാടിയത്.

പാക്കിസ്ഥാനില്‍ അനധികൃതമായി കടന്നുവെന്ന കുറ്റം ചുമത്തി ഹമീദ് അന്‍സാരിയെ മൂന്നു വര്‍ഷത്തെ തടവിനു ശിക്ഷിച്ചിരിക്കുകയാണ്. കാലാവധി അവസാനിച്ചിട്ടും അന്‍സാരിയെ പാക്ക് അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Top