Pakistani philanthropist Abdul Sattar Edhi dies aged 88

ഇസ്‌ലാമബാദ്: പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും പാക്കിസ്ഥനിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായ ഇദി ഫൗണ്ടേഷന്റെ സ്ഥാപകനുമായ അബ്ദുള്‍ സത്താര്‍ ഇദി(92) അന്തരിച്ചു. വ്യക്ക സംബന്ധമായ അസുഖം മൂലമാണ് മരണപ്പെട്ടത്.

അദ്ദേഹത്തിന്റെ മകനും സംഘടനയുടെ മാനേജിംഗ് ട്രസ്റ്റിയുമായ ഫൈസലാണ് മരണവിവരം ലോകത്തെ അറിയിച്ചത്. അല്ലാഹു അദ്ദേഹത്തിനു സ്വര്‍ഗത്തില്‍ ഏറ്റവും നല്ല ഇടം നല്‍കട്ടെയെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

പാക്കിസ്ഥാന്റെ ഫാദര്‍ തെരേസ എന്നറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അബ്ദുള്‍ സത്താര്‍ ഇദി 1951-ലാണ് ഫൗണ്ടേഷന്‍ സ്ഥാപിച്ചത്. 1928ല്‍ ഗുജറാത്തിലെ ജൂനാഘറില്‍ ജനിച്ച അദ്ദേഹം ഇന്ത്യ-പാക് വിഭജനത്തോടെയാണ് പാക്കിസ്ഥാനിലെത്തിയത്. ചെറുപ്പകാലം മുതല്‍ നിരവധി കഷ്ടതകള്‍ അനുഭവിച്ച ഇദി തന്റെ ജീവിതം ആരോരുമില്ലാത്തവര്‍ക്കായി സമര്‍പ്പിക്കുകയായിരുന്നു.

നിര്‍ധനരായവര്‍ക്കും അവശതയനുഭവിക്കുന്നവര്‍ക്കും നിരവധി ക്ഷേമപ്രവര്‍ത്തനങ്ങളാണ് ഈദിയുടെ നേതൃത്വത്തിലുള്ള സംഘടന നടത്തിയത്. അബദ്ധത്തില്‍ അതിര്‍ത്തി കടന്നു പാക്കിസ്ഥാനില്‍ ഒറ്റപ്പെട്ടു പോയ ജന്മനാ ബധിരയും മൂകയുമായ ഗീതയുടെ സംരക്ഷണവും ഇദി സന്നദ്ധസംഘടനയായിരുന്നു ഏറ്റെടുത്തിരുന്നത്.

Top