പാക്കിസ്ഥാന്‍ പ്രധാനമന്ത്രിക്ക് യു എസ് വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധന

abbasi

വാഷിങ്ടണ്‍: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷാഹിദ് ഖഖാന്‍ അബ്ബാസിയെ ന്യൂയോര്‍ക്ക് ജെ.എഫ്.കെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് സുരക്ഷാ പരിശോധനയ്ക്ക് വിധേയനാക്കി. സ്വകാര്യ ആവശ്യത്തിനായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി ഷാഹിദ് അബ്ബാസി ബാഗും കോട്ടും കൈയിലെടുത്ത് സുരക്ഷാ പരിശോധന കഴിഞ്ഞ് പുറത്ത് വരുന്ന ദൃശ്യങ്ങള്‍ സഹിതം പാക്കിസ്ഥാന്‍ ടെലിവിഷന്‍ ചാനലുകളാണ് ഇക്കാര്യം പുറത്ത് വിട്ടത്.

ഭീകരവാദത്തെ പ്രോത്‌സാഹിപ്പിക്കുന്നുവെന്ന പേരില്‍ പാക്കിസ്ഥാനെതിരെ അമേരിക്ക ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനിടെയാണ് സംഭവം. ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ഉണ്ടായിട്ടും പ്രധാനമന്ത്രിയെ സുരക്ഷാ പരിശോധനക്ക് വിധേയനാക്കിയ നടപടി പാക്കിസ്ഥാനെ അപമാനിക്കുന്നതാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

അസുഖ ബാധിതയായ സഹോദരിയെ സന്ദര്‍ശിക്കാന്‍ അബ്ബാസി കഴിഞ്ഞയാഴ്ച അമേരിക്ക സന്ദര്‍ശിച്ചിരുന്നു. സ്വകാര്യ സന്ദര്‍ശനത്തിനിടെ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഭീകരവാദികള്‍ക്കെതിരെ നടപടി വേണമെന്ന് ഈ കൂടിക്കാഴ്ചയ്ക്കിടെയും അബ്ബാസിയോട് മൈക്ക് പെന്‍സ് ആവശ്യപ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ, അബ്ബാസിയെ സുരക്ഷാ പരിശോധനയ്ക്ക് വിധേയനാക്കിയെന്ന വാര്‍ത്തകള്‍ പാക്കിസ്ഥാനില്‍ കടുത്ത ജനരോഷത്തിന് ഇടയാക്കിയിട്ടുണ്ട്. പാക്കിസ്ഥാന്‍ അപമാനിക്കപ്പെട്ടുവെന്നും അബ്ബാസി രാജ്യത്തിന് നാണക്കേടുണ്ടാക്കിയെന്നുമാണ് വിമര്‍ശം. 22 കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്ന വ്യക്തി ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ലായിരുന്നു. സ്വകാര്യ സന്ദര്‍ശനം ആയാല്‍പ്പോലും ഒരു പ്രധാനമന്ത്രിയാണെന്ന കാര്യവും നയതന്ത്ര പാസ്‌പോര്‍ട്ട് ഉള്ളകാര്യവും അബ്ബാസി ഓര്‍ക്കണമായിരുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

തീവ്രവാദിത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി പാക്കിസ്ഥാന് നല്‍കുന്ന സൈനിക സഹായം അമേരിക്ക അടുത്തിടെ വെട്ടിക്കുറച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.

Top