ന്യൂഡല്‍ഹി: സുരക്ഷാ ആശങ്കകളുയര്‍ത്തി കാബൂളിലെ ഒരു സ്വകാര്യ ട്രാവല്‍ ഏജന്‍സിയില്‍ നിന്ന് ഇന്ത്യന്‍ വിസയുള്ള നിരവധി അഫ്ഗാന്‍ പാസ്‌പോര്‍ട്ടുകള്‍ കവര്‍ച്ച ചെയ്യപ്പെട്ടു. താലിബാന്‍ കാബൂള്‍ നഗരം പിടിച്ചെടുത്തതിന് തൊട്ടുപിന്നാലെയാണ് ഉറുദു സംസാരിക്കുന്ന ഒരു സംഘം ആയുധധാരികള്‍ ട്രാവല്‍ ഏജന്‍സിയില്‍ റെയ്ഡ് നടത്തിയത്.
പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐയുടെ പിന്തുണയുള്ള ഭീകരസംഘടനയാണ് ഇതിന് പിന്നിലെന്നാണ് വിവരം. അഫ്ഗാന്‍ പൗരന്‍മാര്‍ക്ക് വിസാനടപടികള്‍ സുഗമമാക്കി നല്‍കുന്നതിന് കാബൂളിലെ ഇന്ത്യന്‍ എംബസിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്‍സിയാണിത്.
‘എത്ര പാസ്‌പോര്‍ട്ടുകള്‍ മോഷ്ടിക്കപ്പെട്ടുവെന്ന് തങ്ങള്‍ ഇപ്പോഴും പരിശോധിച്ചുവരികയാണ്. വിദേശകാര്യ മന്ത്രാലയവും സുരക്ഷാ ഏജന്‍സികളും ഇത് പരിശോധിക്കുന്നുണ്ട്. നഷ്ടപ്പെട്ട എല്ലാ അഫ്ഗാന്‍ പാസ്‌പോര്‍ട്ടുകളിലും ഇന്ത്യന്‍ വിസകളുണ്ടായിരുന്നു, അവ തീവ്രവാദ ഗ്രൂപ്പുകള്‍ ദുരുപയോഗം ചെയ്‌തേക്കാം’, ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
താലിബാന്‍ അഫ്ഗാന്‍ പിടിച്ചടക്കിയതിന് പിന്നാലെ ഇന്ത്യ അഫ്ഗാനില്‍ നിന്ന് ഒഴിപ്പിക്കല്‍ ദൗത്യം നടത്തിവരുന്നതിനിടെയാണ് പാസ്‌പോര്‍ട്ടുകള്‍ നഷ്ടമായ വിവരം പുറത്തുവരുന്നത്.